ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പര പുനരാരംഭിക്കണം; ആവശ്യം മുന്നോട്ട്‌വെച്ച് ക്യാപ്റ്റൻ രോഹിത്ത് ശർമ്മ

(www.kl14onlinenews.com)
(18-APR-2024)

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പര പുനരാരംഭിക്കണം; ആവശ്യം മുന്നോട്ട്‌വെച്ച് ക്യാപ്റ്റൻ രോഹിത്ത് ശർമ്മ
ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ടെസ്റ്റ് ഉൾപ്പെടെയുള്ള പരമ്പര പുനരാരംഭിക്കണമെന്ന ആവശ്യം മുന്നോട്ട്‌വെച്ച് ക്യാപ്റ്റൻ രോഹിത്ത് ശർമ്മ. മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൾ വോണും ഓസ്ട്രേലിയൻ ഇതിഹാസ കീപ്പർ ആദം ഗിൽക്രിസ്റ്റുമായും നടത്തിയ ചാനൽ അഭിമുഖത്തിലാണ് രോഹിത് നിലപാട് വ്യക്തമാക്കിയത്. പാകിസ്താനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്ന ഗംഭീരമായിരിക്കുമെന്ന് അഭിമുഖത്തിൽ ഹിറ്റ്മാൻ വ്യക്തമാക്കി.

'പാകിസ്താൻ മികച്ച ടീമാണ്. ശക്തമായ ബൗളിംഗ് നിര അവർക്കുണ്ട്. ഇന്ത്യയിലും പാകിസ്താനിലുമായി ക്രിക്കറ്റ് പരമ്പരകൾ നടത്തണം. 2006ലും 2007ലുമാണ് അവസാനം ടെസ്റ്റ് പരമ്പരയിൽ കളിച്ചത്. 2007ൽ കൊൽക്കത്തയിൽ നടന്ന ടെസ്റ്റിൽ വസിം ജാഫർ ഇരട്ട സെഞ്ച്വറി നേടിയതായി താൻ ഓർക്കുന്നു. ആ പരമ്പര ഇന്ത്യ 1-0ത്തിന് വിജയിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നത് മികച്ച അനുഭവമാകും. അത്തരം മത്സരങ്ങൾ നടത്തണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

ക്രിക്കറ്റ് ബാറ്റുകൊണ്ടും പന്തുകൊണ്ടും കളിക്കുന്ന വിനോദമാണെന്നും മറ്റൊന്നും അതിൽ മാനദണ്ഡമല്ലെന്നും രോഹിത് വ്യക്തമാക്കി. ഐസിസി ടൂർണമെന്റിൽ എന്ത് വിലകൊടുത്തും ഇന്ത്യ പാകിസ്താൻ മത്സരങ്ങൾ നടത്തും. എന്നാൽ ഇരുരാജ്യങ്ങൾ തമ്മിൽ ക്രിക്കറ്റ് പരമ്പരകൾ നടക്കാത്തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. രോഹിതിന്റെ പ്രതികരണത്തോടെ ഇന്ത്യ-പാക് ക്രിക്കറ്റ് വീണ്ടും ചർച്ചയായി. 2012-13 ലാണ് ഇരുടീമുകളും അവസാനമായി പരമ്പര കളിച്ചത്. അന്ന് ഏകദിന പരമ്പരക്കായാണ് മിസ്ബാഹുൽ ഹഖിന്റെ നേതൃത്വത്തിലുള്ള പാക് ടീം ഇന്ത്യയിലേക്കെത്തുകയായിരുന്നു. ജൂണിൽ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിലാണ് ഇനി ഇരുടീമുകളും ഏറ്റുമുട്ടുക.

Post a Comment

Previous Post Next Post