കേന്ദ്രമന്ത്രിയുടെ കാറിടിച്ച് റോഡിലേക്ക് വീണു; ബസ് കയറി ബിജെപി പ്രവര്‍ത്തകന് ദാരുണാന്ത്യം

(www.kl14onlinenews.com)
(08-APR-2024)

കേന്ദ്രമന്ത്രിയുടെ കാറിടിച്ച് റോഡിലേക്ക് വീണു; ബസ് കയറി ബിജെപി പ്രവര്‍ത്തകന് ദാരുണാന്ത്യം
ബെംഗളൂരുവിൽ(Bengaluru) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ശോഭ കരന്ദ്‌ലാജെ(Union Minister Shobha Karandlaje) സഞ്ചരിച്ചിരുന്ന കാറിൻ്റെ തുറന്ന വാതിലിലേക്ക് ഇരുചക്രവാഹനം ഇടിച്ച് ഒരാൾ മരിച്ചു. ബി.ജെ.പി പ്രവർത്തകനായ പ്രകാശ് (63) ആണ് മരിച്ചത്. കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് വീണ പ്രകാശിനെ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ കെആർ പുരം മേഖലയിലാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ബംഗളൂരു നോർത്ത് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ ശോഭ കരന്ദ്‌ലാജെ പ്രദേശത്തെ ഒരു റാലിയിൽ പ്രചാരണം നടത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ കേന്ദ്രമന്ത്രി കാറിൽ ഉണ്ടായിരുന്നില്ല.

മറുവശത്ത് നിന്ന് സ്കൂട്ടർ വരുന്നത് കാണാതെ മന്ത്രിയുടെ ഡ്രൈവർ വാഹനത്തിൻ്റെ വാതിൽ തുറന്നതാണ് അപകടകാരണം. ഇതോടെ സ്‌കൂട്ടർ ഓടിച്ചിരുന്ന പ്രകാശ് തുറന്ന വാതിലിൽ ഇടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ആ സമയം മറുവശത്ത് നിന്ന് വന്ന ബസ് ഇയാളുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു. പ്രകാശ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാർ ഡ്രൈവർക്കും ബസ് ഡ്രൈവർക്കും എതിരെ ഐപിസി സെക്ഷൻ 304 (അശ്രദ്ധമൂലമുള്ള മരണം), 283 (പൊതുവഴിയിലോ നാവിഗേഷൻ ലൈനിലോ ഉള്ള അപകടമോ തടസ്സമോ) എന്നിവ പ്രകാരം പോലീസ് കേസെടുത്തു.

"ഞങ്ങളുടെ പ്രവർത്തകനായ പ്രകാശിന് അപകടം സംഭവിച്ചു. സംഭവ സമയം ഞങ്ങൾ റാലിയുടെ മുൻവശത്തായിരുന്നു. കാർ റോഡിൻ്റെ വശത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അദ്ദേഹം കാറിൽ ഇടിച്ച് താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് ഒരു ബസ് ശരീരത്തിന് മുകളിലൂടെ കയറി. ഇത് ഞങ്ങൾക്ക് വളരെയധികം ദുഃഖമുണ്ടാക്കി. ഞങ്ങൾ അദ്ദേഹത്തിൻ്റെ കുടുംബത്തോടൊപ്പമുണ്ട്. അവർക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകും. പ്രകാശിൻ്റെ പോസ്റ്റുമോർട്ടം എത്രയും വേഗം നടത്തണമെന്ന് പോലീസ് വകുപ്പിനും ഡോക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്', മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ശോഭ കരന്ദ്‌ലാജെ പറഞ്ഞു.

Post a Comment

Previous Post Next Post