പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗം: നടപടി ആവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും, പ്രതികരിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ

(www.kl14onlinenews.com)
(23-APR-2024)

പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗം: നടപടി ആവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും, പ്രതികരിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡൽഹി: രാജ്യത്തെ സ്വത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും കോൺഗ്രസ് വീതിച്ചു നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്. സിപിഎമ്മും ഒരു കൂട്ടം സാമൂഹിക പ്രവർത്തകരും മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. മോദിക്കും ബിജെപിക്കുമെതിരെ ഉടൻ നടപടിയെടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടത്.

തങ്ങളുടെ പരസ്യങ്ങളിൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് അടക്കം മതപരമായ കാര്യങ്ങൾ ഉയർത്തിക്കാണിക്കുന്നതും, തിരഞ്ഞെടുപ്പ് സമയത്ത് ദൂരദർശന്റെ ലോഗോയുടെ നിറം കാവിയാക്കിയതിൽ അന്വേഷണം ആവശ്യപ്പെട്ടും അടക്കം 16 പരാതികളാണ് ബിജെപിക്കെതിരെ കോൺഗ്രസ് നൽകിയത്. അതേസമയം, കോൺഗ്രസിന്റെ പരാതിയെക്കുറിച്ച് പ്രതികരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ വക്താവ് തയ്യാറായില്ല.

എന്നാൽ, പ്രധാനമന്ത്രിക്കെതിരെ അടക്കമുള്ള മുഴുവൻ പരാതികളും പോൾ പാനൽ പരിശോധിക്കുകയാണെന്ന് തിരഞ്ഞടെുപ്പ് കമ്മിഷനിലെ വൃത്തങ്ങൾ അറിയിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിരെയുള്ള ബിജെപിയുടെ പരാതിയും പരിശോധിക്കുകയാണെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ജനങ്ങളുടെ സ്വർണവും വെള്ളിയും കണക്കെടുപ്പു നടത്തി കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് വീതിച്ചുനൽകുമെന്നായിരുന്നു രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. മോദിയുടെ ഈ പരാമർശമാണ് വിവാദമായത്.

അതേസമയം, ഇന്നലെ ഉത്തർപ്രദേശിലെ അലിഗഡിലും മോദി വിവാദ പരാമർശം നടത്തിയിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ‘സ്ത്രീകളുടെ താലിമാല പോലും പൊട്ടിച്ച് മറ്റുള്ളവർക്ക് വീതിച്ചു നൽകുമെന്നായിരുന്നു മോദി പറഞ്ഞത്.

അതേസമയം
പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലീങ്ങൾക്കെതിരെ നടത്തിയ പരാമർശങ്ങൾ ദേശവിരുദ്ധമാണെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

കണ്ണൂരിൽ ഒരു തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി മുസ്ലീം സമുദായത്തെ പ്രത്യേകമായി പേരെടുത്ത് അവഹേളിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങൾക്കിടയിൽ മുസ്ലീം വിരുദ്ധ വിദ്വേഷം സൃഷ്ടിക്കാൻ സാങ്കൽപ്പിക കഥകൾ മെനഞ്ഞെടുത്ത് പ്രധാനമന്ത്രി വർഗീയ പ്രചാരണം നടത്തിയെന്ന് ഞായറാഴ്ച രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി നടത്തിയ വിവാദ പരാമർശങ്ങളെ മുൻനിർത്തി പിണറായി പറഞ്ഞു.

രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ അപമാനിക്കുന്ന തരത്തിൽ ‘തികച്ചും ദേശവിരുദ്ധ’ പ്രസംഗമായിരുന്നു മോദിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലീം സമുദായത്തെ നുഴഞ്ഞുകയറ്റക്കാരെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി, എങ്ങനെയാണ് രാജ്യത്തെ ജനങ്ങളെ അങ്ങനെ വിളിക്കുന്നതെന്ന് ആശ്ചര്യപ്പെട്ടു.

പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കണം, തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ഒരുമിച്ച് നയിക്കാൻ ബാധ്യസ്ഥനായ വ്യക്തിയാണ് പ്രധാനമന്ത്രിയെന്നും പിണറായി വിജയൻ പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സമ്പത്ത് മുസ്ലീങ്ങൾക്ക് പുനർവിതരണം ചെയ്യുമെന്ന് ഞായറാഴ്ച രാജസ്ഥാനിലെ ബൻസ്വാരയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ മോദി പറഞ്ഞിരുന്നു. ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകാൻ കോൺഗ്രസ് പദ്ധതിയിടുന്നതായും മോദി ആരോപിച്ചു.

Post a Comment

Previous Post Next Post