(www.kl14onlinenews.com)
(21-APR-2024)
ന്യൂഡൽഹി: യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നു. ചർച്ചകൾക്കായി നിമിഷയുടെ അമ്മ പ്രേമകുമാരി യമനിൽ എത്തി. ഇന്നലെ രാത്രിയാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ പ്രിയ ഫോറത്തിലെ സാമുവൽ ജെറോമും യമനിൽ എത്തിയത്.
കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബവുമായുള്ള ബ്ലെഡ് മണി ചർച്ചകൾ ഉടൻ നടക്കുമെന്നും നിമിഷയെ ജയിലിലെത്തി അമ്മ കാണുമെന്നും അഭിഭാഷകൻ കെ.ആർ.സുഭാഷ് അറിയിച്ചു. ഏഴ് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ മകളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി.
യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ട്.
ഇതിനായുള്ള ചര്‍ച്ചയ്ക്കാണ് പ്രേമകുമാരി യെമനിൽ എത്തിയത്. നിലവില്‍ യമനിലെ സര്‍ക്കാരുമായി ഇന്ത്യയ്ക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. ഈ സാഹചര്യത്തില്‍ 'സേവ് നിമിഷ പ്രിയ' ആക്ഷന്‍ കൗണ്‍സിലാണ് യെമനിലെ ചര്‍ച്ചകള്‍ക്കുള്ള ക്രമീകരണം ഒരുക്കുന്നത്.
2017 ജൂലൈ 25നാണ് കേസിനാസ്പദമായ സംഭവം. യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. യമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായിക്കാമെന്നു പറഞ്ഞ തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷ പ്രയയുടെ വാദം
Post a Comment