(www.kl14onlinenews.com)
(21-APR-2024)
ഐപിഎല്ലിന്റെ പതിനേഴാം പതിപ്പിൽ റെക്കോർഡുകൾക്കെല്ലാം അൽപ്പായുസാണ്. സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിലാണ് ഇത്തരത്തിലൊരു റെക്കോർഡ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മാറിമറിഞ്ഞത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിൽ അതിവേഗ അർദ്ധ സെഞ്ചുറിയുടെ റെക്കോർഡ് നാലു തവണയാണ് മാറിമറിഞ്ഞത്.
ശനിയാഴ്ചത്തെ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഹൈദരാബാദ് താരം ട്രാവിസ് ഹെഡ് 16 പന്തിൽ നേടിയ റെക്കോർഡാണ് മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു ഓസ്ട്രേലിയൻ താരം തകർത്തത്. ഡൽഹി ക്യാപിറ്റൽസിന്റെ വെടിക്കെട്ട് താരം ജേക്ക് ഫ്രേസർ വെറും 15 പന്തിലാണ് അർദ്ധ സെഞ്ചുറിയിലേക്ക് കുതിച്ചെത്തിയത്.
18 പന്തിൽ 65 റൺസുമായി ഫ്രേസർ പുറത്തായി. അഞ്ച് ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. സ്പിന്നർ മായങ്ക് മാർക്കണ്ഡേ ഫ്രേസറിനെ പുറത്താക്കി സൺറൈസേഴ്സിന് ആശ്വാസം നൽകി. നേരത്തെ 32 പന്തിൽ 89 റൺസുമായാണ് ഹെഡ് പുറത്തായത്. കുൽദീപിന് യാദവിനായിരുന്നു വിക്കറ്റ് ലഭിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തു. സീസണിൽ മൂന്നാം തവണയാണ് സൺറൈസേഴ്സ് സ്കോർ 250ന് മുകളിൽ എത്തുന്നത്. നേരത്തെ ബെംഗളൂരുവിനെതിരെ മൂന്നിന് 287 റൺസ് നേടിയതാണ് ഉയർന്ന സ്കോർ. മുംബൈയ്ക്കെതിരെ മൂന്നിന് 277 റൺസും സൺറൈസേഴ്സ് നേടിയിരുന്നു.
സൺറൈസേഴ്സിന്റെ കുതിപ്പിൽ തകർന്നുവീണ റെക്കോർഡുകൾ ഇവയാണ്
ഐപിഎല്ലിന്റെ പതിനേഴാം പതിപ്പിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനം തുടരുകയാണ് സൺറൈസേഴ്സ് ഹൈദരാബാദ്. സീസണിൽ മൂന്നാം തവണയാണ് സൺറൈസേഴ്സ് 250ന് മുകളിൽ റൺസ് സ്കോർ ചെയ്യുന്നത്. അനായാസം 300ലേക്ക് എത്താമായിരുന്നു എങ്കിലും മദ്ധ്യനിര നിരാശപ്പെടുത്തിയത് തിരിച്ചടിയായിരുന്നു. എങ്കിലും ചില നിർണായക റെക്കോർഡുകൾ ഈ മത്സരത്തിൽ തകർന്നുവീണിരുന്നു.
പവർപ്ലേയിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് സൺറൈസേഴ്സ് അടിച്ചെടുത്തത്. ആറ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 125 റൺസ് അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡും കൂട്ടിച്ചേർത്തിരുന്നു. ഏഴ് വർഷം പഴക്കമുള്ള കൊൽക്കത്തയുടെ റെക്കോർഡാണ് ഇന്ന് തകർന്ന് വീണത്. 2017ൽ റോയൽ ചലഞ്ചേഴ്സിനെതിരെ ആറോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 105 റൺസ് കൊൽക്കത്ത അടിച്ചിരുന്നു.
2014ൽ പഞ്ചാബിനെതിരെ ചെന്നൈ നേടിയ രണ്ടിന് 100 റൺസാണ് പവർപ്ലേയിലെ മൂന്നാമത്തെ ഉയർന്ന സ്കോർ. 2015ൽ മുംബൈയ്ക്കെതിരെ ചെന്നൈ ആറ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 90 റൺസെടുത്തിരുന്നു. ഈ സീസണിൽ ഡൽഹിക്കെതിരെ ഒരു വിക്കറ്റ് നഷ്ടത്തിൽ 88 റൺസെടുത്ത് കൊൽക്കത്തയും ഈ പട്ടികയിലിടം നേടിയിരുന്നു.
Post a Comment