ദുരിതം പെയ്ത് പെരുമഴ; യുഎഇയിൽ റെഡ് അലർട്ട്, വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്ന് നിർദ്ദേശം, അവധി പ്രഖ്യാപിച്ചു

(www.kl14onlinenews.com)
(16-APR-2024)

ദുരിതം പെയ്ത് പെരുമഴ;
യുഎഇയിൽ റെഡ് അലർട്ട്, വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്ന് നിർദ്ദേശം, അവധി പ്രഖ്യാപിച്ചു

ദുബായ്: ഒമാനിലും യുഎഇയിലും കനത്ത മഴ തുടരുന്നു. യുഎഇയിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പെടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം.

മഴ ശക്തമായതോടെ ദുബായിൽ നാളെയും വർക്ക് ഫ്രം ഹോം അനുവദിച്ചു. വിദ്യാലയങ്ങൾക്ക് അവധിയാണ്. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

ഇന്നലെ വൈകിട്ട് മുതൽ തുടങ്ങിയ മഴയാണ് ഇപ്പോഴും നിർത്താതെ പെയ്യുന്നത്. ദുബായ്, ഷാർജ,അബുദാബി തുടങ്ങി രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പുലർച്ചെ മുതൽ കനത്ത മഴയാണ് ലഭിക്കുന്നത്. ‌താഴ്ന്ന പ്രദേശങ്ങളിൽ റോഡുകളിൽ വെള്ളം കയറിയത് ഗതാഗതത്തെ ബാധിച്ചു. ചില കടകളിലേക്കും താമസയിടങ്ങളുടെ ബേസ്മെന്‍റ് പാർക്കിങ് ഏരിയയിലും വെള്ളം കയറിയിട്ടുണ്ട്. കുട്ടികളുടെയും സ്കൂൾ ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ സ്കൂളുകളിൽ രണ്ടു ദിവസം ഓൺലൈൻ ക്ലാസുകളാണ് നടക്കുന്നത്. എല്ലാ സർക്കാർ ഓഫിസ് ജീവനക്കാർക്കും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. എമിറേറ്റുകളിലെ പാർക്കുകളും ബീച്ചുകളും താൽകാലികമായി അടച്ചു.

കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. റോസുകളിൽ വെള്ളം കയറിയ സാഹചര്യത്തിൽ ദുബായ് മെട്രോ പുലർച്ചെ മൂന്ന് മണി വരെ സർവീസ് നടത്തും .വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് എയർ ലൈനുകളും അറിയിച്ചിട്ടുണ്ട്. ഇരുചക്രവാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പുറംജോലിയിൽ ഏർ‍പ്പെട്ടിരിക്കുന്നവർ മതിയായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശമുണ്ട് . 'മഴയിൽ സ്വന്തം ജീവനും മറ്റുള്ളവരുടെയും ജീവനും അപകടത്തിലാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വെളളക്കെട്ടിന് സമീപത്തോ ഡാമുകൾക്ക് അരികിലോ കൂടി നിൽക്കുന്നതുൾപ്പെടെ കണ്ടെത്തിയാൽ ആയിരം ദിർഹം പിഴ ഈടാക്കും . അപകടകരമായ വാദികളിൽ പ്രവേശിച്ചാൽ 2000ദിർഹം പിഴയും 23 ബ്ലാക്ക്പോയിന്‍റും 60ദിവസം വരെ വാഹനം പിടിച്ചെടുക്കലുമാണ്  ശിക്ഷ.

അതേസമയം 
ഒമാനിൽ ഇതിനോടകം വലിയ നാശം വിതച്ച മഴ നാളെ പുലർച്ചെയും രാവിലെയും വീണ്ടും കനക്കുമെന്നാണ് മുന്നറിയിപ്പ്. ഒമാനിൽ മഴയിൽ മരണം 19 ആയി. റോഡുകളിലെ വെള്ളക്കെട്ട് കാരണം പലയിടത്തും ഗതാഗതം നിലച്ചു. വീടിന് പുറത്ത് ഇറങ്ങരുതെന്നാണ് നിർദേശം. സ്കൂളുകൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കും അവധിയാണ്.

ഇതിനോടകം വലിയ നാശ നഷ്ടം ഉണ്ടായ ഒമാനിൽ ഇന്ന് അർദ്ധരാത്രി മുതൽ രാവിലെ വരെ കൂടുതൽ ശക്തമായ മഴ മുന്നറിയിപ്പാണ് നിലനിൽക്കുന്നത്. ഒമാനിൽ പൊലീസ് ഉൾപ്പടെ സംവിധാനങ്ങൾ സജ്ജമാണ്. ശക്തമായ കാറ്റിനും ഒപ്പം  ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

മുസന്ദം, അൽബുറൈമി, അൽ ദാഹിറ, വടക്കൻ ബാത്തിനാ, മസ്ക്കറ്റ്, വടക്കൻ  അൽ-ഷർഖിയ, തെക്കൻ ശർഖിയ, വടക്കൻ അൽ വുസ്ത ഗവർണറേറ്റ് എന്നിവിടങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

Post a Comment

Previous Post Next Post