റിയാസ് മൗലവി വധക്കേസ്; ആർഎസ്എസുകാരെ വെറുതെവിട്ട വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

(www.kl14onlinenews.com)
(04-APR-2024)

റിയാസ് മൗലവി വധക്കേസ്; ആർഎസ്എസുകാരെ വെറുതെവിട്ട വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി
കൊച്ചി: കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ കേരള സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മൂന്ന് ആർഎസ്എസ് പ്രവര്‍ത്തകരെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. ചില ജഡ്ജിമാര്‍ മലയാള ഭാഷ നല്ല വശമില്ലാത്തവരായിരുന്നു എന്നും സാക്ഷികളുടെ മൊഴി കോടതിക്ക് മനസിലാക്കാനായില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കൊലപാതകത്തില്‍ വിഷലിപ്ത വര്‍ഗീയതയുണ്ടെന്ന് സര്‍ക്കാര്‍ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മതസൗഹാര്‍ദ്ദത്തെ ഉലച്ച കൊലപാതകമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിചാരണ കോടതിവിധി നിയമവിരുദ്ധവും അനുചിതവുമാണ്. നീതിന്യായ ബോധത്തെ ഞെട്ടിപ്പിക്കുന്നതാണ് കോടതി വിധി. അതിനാൽ പ്രതികളെ വെറുതെ വിട്ട വിധി റദ്ദാക്കണമെന്നുമാണ് സര്‍ക്കാര്‍ വാദം. അപ്പീല്‍ കാലയളവില്‍ പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ പ്രത്യേക ഹർജി ഫയൽ ചെയ്തു. മൂന്ന് പ്രതികളെയും ജയിലിൽ അടയ്ക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

കാസർഗോഡ് റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. കാസർഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയായിരുന്നു കെ.കെ. ബാലകൃഷ്ണന്‍. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി വിചാരണ കോടതി കണ്ടെത്തിയിരുന്നു.

പ്രതികള്‍ക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിന് പിന്നില്‍ എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തൽ. പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു

2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കാസർഗോഡ് പഴയ ചൂരിയിലെ മദ്രസ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പള്ളിക്ക് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന മൗലവിയെ കൊലപ്പെടുത്തുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ ആണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണ സംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ വേളയില്‍ 97 സാക്ഷികളെ വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ എ ശ്രീനിവാന്റെ നേതൃത്വത്തില്‍ അന്നത്തെ ഇന്‍സ്‌പെക്ടര്‍ പികെ സുധാകരന്റെ മേല്‍നോട്ടത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2019 ല്‍ കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.

Post a Comment

Previous Post Next Post