അര്‍ധരാത്രിയില്‍ അയല്‍വാസിയുടെ കാര്‍ കല്ലിനിടിച്ച് തകര്‍ത്ത് ടീച്ചര്‍; തെറി വിളി!

(www.kl14onlinenews.com)
(28-APR-2024)

അര്‍ധരാത്രിയില്‍ അയല്‍വാസിയുടെ കാര്‍ കല്ലിനിടിച്ച് തകര്‍ത്ത് ടീച്ചര്‍; തെറി വിളി!
വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അര്‍ധരാത്രിയില്‍ അയല്‍വാസിയുടെ വീട് കയറി ആക്രമിച്ച് ടീച്ചര്‍. കല്ലിനിടിച്ച് കാര്‍ കേടുപാട് വരുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് സംഭവം. പാറുള്‍ ശര്‍മയെന്ന യുപി സ്കൂള്‍ ടീച്ചറാണ് അക്രമി. അയല്‍വാസിയായ പ്രിയ ഗോയലിന്‍റെ വീട്ടിലേക്ക് പുലര്‍ച്ചെ 3 മണിയോടെയാണ് പാറുള്‍ കടന്നുകയറിയത്. പാര്‍ക്കിങ് ഏരിയയിലേക്ക് പോയ പാറുള്‍ കയ്യില്‍ കരുതിയിരുന്ന കല്ല് കൊണ്ട് കാറിന്‍റെ വിന്‍ഡ്സ്ക്രീന്‍ തകര്‍ത്തു. ബാഗില്‍ കരുതിയിരുന്ന കല്ലെടുത്ത് കാറില്‍ എറിയുകയും ചെയ്തു. എന്നിട്ടും അരിശം തീരാതിരുന്നതിനെ തുടര്‍ന്ന് എല്ലാ ഗ്ലാസുകളും പൊട്ടിച്ചു.
കാറടിച്ച് തകര്‍ക്കുന്ന ശബ്ദം കേട്ട് പ്രിയയുടെ കുടുംബം എഴുന്നേറ്റു. അവര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പാറുള്‍ ആക്രമണം തുടരുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ക്ലിപുകളിലൊന്നില്‍ പാറുളിനൊപ്പം അവരുടെ അമ്മയെയും കാണാം. മകള്‍ അക്രമം അഴിച്ചുവിടുന്നത് കണ്ടിട്ടും തടയാന്‍ അവര്‍ ഒന്നും ചെയ്യുന്നതുമില്ല. രണ്ട് വീടുകള്‍ക്കുമിടയിലുള്ള വാതില്‍ ബലപ്രയോഗത്തിലൂടെ തുറക്കാന്‍ പാറുള്‍ ശ്രമിക്കുന്നതും ഇത് സാധിക്കാതെ വരുന്നതോടെ അസഭ്യ വര്‍ഷം നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പാറുളിന്‍റെ അക്രമത്തിനെതിരെ അയല്‍വാസികള്‍ പൊലീസില്‍ പരാതി നല്‍കി. മൂന്നുവയസുകാരന്‍ കുഞ്ഞിനെയുള്‍പ്പടെ പാറുള്‍ ആക്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ എന്തിനെ ചൊല്ലിയാണ് രണ്ട് വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അതിക്രമിച്ച് കയറിയതിനും ഉപദ്രവിച്ചതിനും വസ്തുവകകള്‍ നശിപ്പിച്ചതിനും ടീച്ചര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post