സ്വന്തം ക്യാപ്റ്റനെ കൂകി വിളിച്ച് മുംബയിലെ കാണികള്‍, രോഹിത് ശര്‍മ്മയ്ക്ക് ജയ് വിളികള്‍

(www.kl14onlinenews.com)
(02-APR-2024)

സ്വന്തം ക്യാപ്റ്റനെ കൂകി വിളിച്ച് മുംബയിലെ കാണികള്‍, രോഹിത് ശര്‍മ്മയ്ക്ക് ജയ് വിളികള്‍
മുംബൈ: ഐ.പി.എല്ലിൽ അഞ്ചുതവണ മുംബൈ ഇന്ത്യൻസിനെ കിരീടത്തിലേക്ക് നയിച്ച രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ നായകനാക്കിയ നടപടിയോട് ആരാധകർക്കുള്ള കലിപ്പ് ഇതുവരെ തീർന്നിട്ടില്ല. മുംബൈയുടെ മത്സരങ്ങൾ നടക്കുന്നിടത്തെല്ലാം കാണികൾ താരത്തിനെതിരായ ചാന്റുകളുമായെത്തിയിരുന്നു. ഇത് അവസാനിപ്പിക്കാൻ മുംബൈ ഇന്ത്യൻസ് മാനേജ്മെന്റ് അഭ്യർഥിച്ചിട്ടും ഫലമുണ്ടായില്ല. ഹൈദരാബാദിലെയും അഹ്മദാബാദിലെയും സ്റ്റേഡിയങ്ങളിൽ മാത്രമല്ല, തിങ്കളാഴ്ച മുംബൈയുടെ സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലും ഇതുണ്ടായി.

ഇത് അവസാനിപ്പിക്കാൻ രോഹിത് തന്നെ ഇടപെടുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഹാർദികിനെതിരെ പ്രതികരിച്ച കാണികളോട് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത് ശാന്തരാകാൻ കൈകൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു.

പാണ്ഡ്യ മത്സരത്തിന് മുമ്പ് വ്യായാമത്തിനെത്തിയപ്പോഴും ടോസ് ചെയ്യാൻ ഗ്രൗണ്ടിലിറങ്ങുമ്പോഴുമെല്ലാം രോഹിത്...രോഹിത്... വിളികളോടെയാണ് കാണികൾ എതിരേറ്റത്. സീസണിൽ കളിച്ച മൂന്ന് മത്സരങ്ങളും തോൽക്കുക കൂടി ചെയ്തതോടെ ഹാർദികിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പരിഹാസവും ആക്രമണവുമാണ് ഉണ്ടാകുന്നത്.

സ്വന്തം നാട്ടിൽ മൂന്നാം മത്സരത്തിനിറങ്ങിയ മുംബൈ ദയനീയ തോൽവിയാണ് രാജസ്ഥാൻ റോയൽസിനോട് ഏറ്റുവാങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസേ എടുക്കാനായിരുന്നുള്ളൂ. 34 റൺസെടുത്ത ഹാർദികായിരുന്നു മുംബൈയുടെ ടോപ് സ്കോറർ. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റിയാൻ പരാഗിന്റെ അർധസെഞ്ച്വറിയുടെ മികവിൽ 27 പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ അനായാസം ജയം പിടിച്ചു.

Post a Comment

Previous Post Next Post