(www.kl14onlinenews.com)
(08-APR-2024)
ഇടുക്കി: ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്‍റെ ഭാഗമായാണ് വിവാദചിത്രം പ്രദർശിപ്പിച്ചത്. ബോധവത്ക്കരണത്തിന്‍റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം.
നാലാം തിയതിയായിരുന്നു സിനിമയുടെ പ്രദർശനം. വിശ്വാസ പരിശീലന പരിപാടിയോടനുബന്ധിച്ച് പത്ത് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കായാണ് സിനിമ പ്രദർശിപ്പിച്ചത്. കുട്ടികൾക്ക് നൽകിയ ബുക്കിൽ ലൗ ജിഹാദിനെതിരെയും പരാമർശമുണ്ട്.
യുവതീ യുവാക്കളെ പ്രണയത്തിലകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുകയാണെന്നും ഇതിൽ അവബോധം നൽകാൻ വേണ്ടിയാണ് ചിത്രം പ്രദർശിപ്പിച്ചതെന്നുമാണ് രൂപതയുടെ വിശദീകരണം.
മതപരിവർത്തനമടക്കം ഇതിവൃത്തമാക്കിയ സിനിമക്കെതിരെ വിവിധ കോണുകളിൽ നിന്നുയരുന്ന പ്രതിഷേധത്തിനിടെയാണ് ഇടുക്കി രൂപതയുടെ സിനിമ പ്രദർശനമെന്നതും ശ്രദ്ധേയമാണ്. ദൂരദർശനിൽ സിനിമ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് അടുത്തിടെ രാഷ്ട്രീയ വിവാദങ്ങളും ഉയർന്നിരുന്നു.
10,11,12 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് സിനിമ പ്രദർശിപ്പിച്ചത്. കുട്ടികൾക്കുള്ള ട്രെയിനിങ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്ന് ഇടുക്കി രൂപത മീഡിയ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു. കുട്ടികൾ പ്രണയത്തിൽ അകപ്പെട്ട് വഴിതെറ്റി പോകുന്നു. ഇതിൽ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ഈ പ്രവണതക്ക് തടയിടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment