മോദിയെ വിമർശിച്ചു: ബിജെപി ബിക്കാനീർ ന്യൂനപക്ഷ സെല്‍ ചെയര്‍മാൻ അറസ്റ്റിൽ

(www.kl14onlinenews.com)
(28-APR-2024)

മോദിയെ വിമർശിച്ചു: ബിജെപി ബിക്കാനീർ ന്യൂനപക്ഷ സെല്‍ ചെയര്‍മാൻ അറസ്റ്റിൽ

ഡൽഹി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ വിമർശനവുമായി ബന്ധപ്പെട്ട കേസിൽ ബിക്കാനീർ ബിജെപി മുൻ ന്യൂനപക്ഷ സെൽ ചെയർമാൻ അറസ്റ്റിൽ. സമൂഹത്തിൽ സ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റത്തിനാണ് ഉസ്മാൻ ഗനിയെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ഉസ്മാൻ ഗനിയെ അറസ്റ്റ് ചെയ്തത്. ഉസ്മാൻ ഗനിയെ നേരത്തെ ബിജെപിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് ഉസ്മാനെതിരെ പാര്‍ട്ടി നടപടിയെടുത്തത്. മോദിക്കെതിരായ വിമര്‍ശനത്തിന്‍റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്. ഈ സംഭവത്തിന് പിന്നാലെയാണിപ്പോള്‍ അറസ്റ്റ്.

രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന, രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിൽ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. കോൺഗ്രസ് നൽകിയ പെരുമാറ്റ ചട്ട ലംഘന പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി അധ്യക്ഷനോട് വിശദീകരണം നേടിയത്. 29 ന് രാവിലെ 11 മണിക്കുള്ളിൽ പാർട്ടി അധ്യക്ഷൻ മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.

ഇതിനിടെ, മന്ത്രി അനുരാഗ് താക്കൂറിന്‍റെ വിദ്വേഷ പ്രസംഗ പരാതിയിൽ നടപടിയെടുത്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട് തുറന്നു കാട്ടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുമെന്നും കോടതിയേയും സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്‍കി.

പ്രധാനമന്ത്രിയുടെ പല പരാമർശങ്ങളിലും ഒരു മുസ്ലീമെന്ന നിലയിൽ നിരാശയുണ്ടെന്ന് ഒരു മാധ്യമപ്രവർത്തകനോട് സംസാരിക്കവെ ഗനി പറഞ്ഞിരുന്നു. ബി.ജെ.പിക്ക് വേണ്ടി താൻ മുസ്ലീങ്ങളുടെ അടുത്തേക്ക് വോട്ട് തേടുമ്പോൾ സമുദായത്തിലെ ജനങ്ങൾ തന്നോട് പ്രധാനമന്ത്രിയുടെ പരാമർശങ്ങളിൽ മറുപടി ചോദിക്കാറുണ്ടെന്നും ഗനി പറഞ്ഞിരുന്നു

ഏപ്രിൽ 21 ന് രാജസ്ഥാനിലെ ബൻസ്വാരയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയായിരുന്നു  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലീം വിരുദ്ധ പരാമർശങ്ങൾ. ഇതിന് പിന്നാലെയായിരുന്നു ഗനിയുടെ മോദിക്കെതിരെ തുറന്നടിച്ചത്. പരാമർശത്തെ തുടർന്ന് ഗനിയെ ആറ് വർഷത്തേക്ക് സംഘടനയിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന ബിജെപിയുടെ അച്ചടക്ക സമിതി അധ്യക്ഷൻ ഓങ്കാർ സിംഗ് ലഖാവത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗനി ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. 

പാർട്ടിക്കെതിരെ സംസാരിക്കുന്നവർക്കെതിരെ തീർച്ചയായും നടപടിയുണ്ടാകുമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ഹമീദ് ഖാൻ മേവതിയും പറഞ്ഞു. തെറ്റായി സംസാരിച്ചതിനാലും പാർട്ടി ചട്ടങ്ങൾ ലംഘിച്ചതിനാലുമാണ് പാർട്ടി ഗനിക്കതിരെ നടപടിയെടുത്തത്. എബിവിപിയിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന ഉസ്മാൻ ഗനി 20 വർഷമായി ബിജെപിയുടെ ന്യൂനപക്ഷ മുഖമാണ്.

Post a Comment

Previous Post Next Post