(www.kl14onlinenews.com)
(16-APR-2024)
പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്തുകൊണ്ട് വാ തുറന്നില്ലെന്ന് വ്യക്തമാക്കണം; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി
പാലക്കാട്: വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി. സിഎഎ കുറിച്ച് സംസാരിച്ചപ്പോള്‍ വേണ്ടാത്ത ആക്ഷേപം ഉന്നയിക്കുന്നുവെന്ന് രാഹുല്‍ പരാതി പറയുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി സിഎഎ വിഷയത്തില്‍ എന്തുകൊണ്ട് വാ തുറന്നില്ലെന്ന് വ്യക്തമാക്കണം. പ്രക്ഷോഭങ്ങള്‍ എന്തിന് കണ്ടില്ലെന്ന് നടിച്ചു സംഘപരിവാര്‍ മനസുള്ളവര്‍ക്ക് മാത്രമാണ് ഇങ്ങനെ കഴിയുകയുളളൂ. രാഹുല്‍ നിസ്സംഗതയോടെ ഇതിനൊപ്പം നില്‍ക്കുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.
സിഎഎ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് ഭാഗമായില്ല. പക്ഷേ, ഇടതുപക്ഷം സമരത്തില്‍ സജീവ പങ്കാളിയായി. ഇപ്പോള്‍ ഇതിനെക്കുറിച്ച് പറയരുതെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. അതെങ്ങനെ ശരിയാകും. സിഎഎക്കെതിരെ കേരളത്തില്‍ ഇടതുപക്ഷം വിവിധ സമരങ്ങള്‍ നടത്തി. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കി. സമരങ്ങളില്‍ കേരളത്തിലെ കോണ്‍ഗ്രസ് ആദ്യം പങ്കെടുത്തു. പിന്നീട് പിന്‍മാറി. ഇത് കേന്ദ്ര നേതൃത്വം പറഞ്ഞിട്ടായിരുന്നോ എന്താണ് ശബ്ദിക്കാന്‍ പ്രയാസം. സംഘപരിവാര്‍ മനസ്സുള്ളവര്‍ക്ക് മാത്രമേ സിഎഎ അംഗീകരിക്കാന്‍ കഴിയുകയുളളു.
രാഹുല്‍ ഗാന്ധി നടത്തിയ യാത്രയില്‍ സിഎഎ കുറിച്ച് ശബ്ദമില്ല. അതുകൊണ്ടാണ് പേരെടുത്ത് വിമര്‍ശിച്ചത്. നിങ്ങളെ വിമര്‍ശിച്ചതില്‍ നിങ്ങള്‍ക്ക് പ്രയാസമാണ്. നിങ്ങള്‍ കാണിച്ചതില്‍ പ്രയാസമില്ലേ കോണ്‍ഗ്രസ് ബിജെപി കാണിച്ചതിന്റെ കൂടെ നിന്നു. ആര്‍എസ്എസ് അജണ്ട നടപ്പാക്കുമ്പോള്‍ അത് എതിര്‍ക്കാത്ത കോണ്‍ഗ്രസ് എങ്ങനെയാണ് മതനിരപേക്ഷത സംരക്ഷിക്കുക. ഇവിടെ നിന്ന് ജയിച്ച് പോയ 18 എം പിമാരും കേരളത്തിന് ഒപ്പമോ രാഷ്ട്ര താല്‍പര്യത്തിന് ഓപ്പമോ നിന്നില്ല. നാട്ടില്‍ നിന്ന് വോട്ടും വാങ്ങി ജയിച്ച് പോയി ആര്‍എസ്എസ് അജണ്ട ക്ക് ഒപ്പം നില്‍ക്കുക. അതാണ് 18 അംഗ സംഘം ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
2014ല്‍ അധികാരത്തില്‍ വന്നതിന് ശേഷം എല്ലാം മേഖലയിലും കാവിവത്കരണമാണ് ബിജെപി ആദ്യം ലക്ഷ്യമിട്ടത്. ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായി മതനിരപേക്ഷത തകര്‍ത്തു. മതാധിഷ്ഠിത രാഷ്ട്രത്തിനാണ് ആര്‍എസ്എസ് ശ്രമം. രാജ്യത്തിന്റെ മൂല്യങ്ങള്‍ ഒരോന്നായി തകര്‍ക്കപ്പെട്ടു. മതനിരപേക്ഷത, ജനാധിപത്യം, സ്വാതന്ത്ര്യം, ഐക്യം എല്ലാം അപകടത്തിലായി. വാഗ്ദാനങ്ങള്‍ ഒന്നും ബി ജെ പി നടപ്പാക്കിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി ഇന്ന് പറഞ്ഞു. ബിജെപിയും എന്‍ഡിഎയും എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്താവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സിപിഐഎം ഡീല്‍ കോണ്‍ഗ്രസിന്റെ മോഹം മാത്രമാണെന്നും രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്ന പാര്‍ട്ടിയല്ല സിപിഐഎമ്മെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസ് കേരള വിരുദ്ധ സമീപനം സ്വീകരിച്ചു. അതുകൊണ്ട് കേരളം കോണ്‍ഗ്രസിന് കനത്ത ശിക്ഷ നല്‍കും. ബിജെപി സ്വീകരിച്ച കേരള വിരുദ്ധ നിലപാടിനൊപ്പം കോണ്‍ഗ്രസും ഒപ്പം നിന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. സിപിഐഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാല്‍ സുരേഷ് ഗോപിയെ രക്ഷിക്കാനാണെങ്കില്‍ അത് നടക്കില്ല. സുരേഷ് ഗോപി തൃശ്ശൂരില്‍ പരാജയപ്പെടുമെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഐഎമ്മിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ സുരേഷ് ഗോപിക്ക് നേട്ടമുണ്ടാകും എന്ന ആലോചന ബിജെപിക്ക് ഉണ്ടാകാം. അതാണ് ഇഡി നടപടിക്ക് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Post a Comment