സംസ്ഥാനത്ത് കൊടും ചൂട് ശമനമില്ലാതെ തുടരുന്നു

(www.kl14onlinenews.com)
(29-APR-2024)

സംസ്ഥാനത്ത് കൊടും ചൂട് ശമനമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് കൊടും ചൂട് ശമനമില്ലാതെ തുടരുന്നു. ചൂട് അതി കഠിനമാകാന്‍ സാധ്യതയുള്ള മൂന്ന് ജില്ലകളില്‍ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഉഷ്ണ തരംഗ സാധ്യതയുള്ളത്. ജനങ്ങള്‍ ജാഗ്രത പാലിക്കണം.

സാധാരണയേക്കാള്‍ മൂന്നു മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാനാണ് സാധ്യത. ഉഷ്ണ തരംഗ സാധ്യത മുന്നില്‍ക്കണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട്. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ തുടരും.

പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയര്‍ന്നേക്കും. കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും താപനില ഉയരാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി

പാലക്കാട് ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത മുന്നറിയിപ്പുമായി പാലക്കാട് ഓറഞ്ച് അലേര്‍ട്ട്. തൃശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്. പകല്‍ സമയത്ത് പുറം ജോലികള്‍ക്ക് കടുത്ത നിയന്ത്രണമുണ്ട്. പ്രത്യേകിച്ച് 11 മണി മുതല്‍ മൂന്നു മണി വരെയുള്ള ജോലികള്‍ക്കാണ് നിയന്ത്രണം. 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം നല്‍കുന്നുണ്ട്.

ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടങ്ങളും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഇന്നലെ പാലക്കാടും കണ്ണൂരും രണ്ട് പേര്‍ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു. സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു.

ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തി വെക്കുക.

ധാരാളമായി വെള്ളം കുടിക്കുക.

അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.

നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കുക.

വൈദ്യുത ഉപകരണങ്ങള്‍ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയര്‍ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാല്‍ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയില്‍ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാന്‍, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.

വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

Post a Comment

أحدث أقدم