റൺമല കയാറാനാവാതെ ഡല്‍ഹി വീണു, മുംബൈക്ക് സീസണിലെ ആദ്യ ജയം, പാണ്ഡ്യയ്ക്ക് കൈ കൊടുത്ത് രോഹിത്

(www.kl14onlinenews.com)
(07-APR-2024)

റൺമല കയാറാനാവാതെ ഡല്‍ഹി വീണു, മുംബൈക്ക് സീസണിലെ ആദ്യ ജയം, പാണ്ഡ്യയ്ക്ക് കൈ കൊടുത്ത് രോഹിത്

ഐപിഎൽ 2024 സീസണിൽ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 235 റൺസിന്റെ വിജയലക്ഷ്യമാണ് ഡൽഹിക്ക് മുന്നിൽ ഉയർത്തിയത്. എന്നാൽ, മറുപടിയായി ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 29 റൺസിന്റെ വിജയമാണ് മുംബൈ പിടിച്ചെടുത്തത്. ഹാർദിക് പാണ്ഡ്യ ക്യാപ്ടനായെത്തിയ ശേഷമുള്ള മുംബൈയുടെ ആദ്യ വിജയമാണിത്.

പൃഥ്വി ഷായും (40 പന്തിൽ 66), അഭിഷേക് പോറൽ (41), ട്രിസ്റ്റൺ സ്റ്റബ്സ് (25 പന്തിൽ 71) എന്നിവർ പൊരുതി നോക്കിയെങ്കിലും ഡൽഹിയുടെ വാലറ്റത്തിന് ലക്ഷ്യത്തിലേക്ക് അടുക്കാനായില്ല. നാല് വിക്കറ്റെടുത്ത ജെറാൾഡ് കോട്സിയും രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും മുംബൈയ്ക്കായി ബോളിങ്ങിൽ തിളങ്ങി.

വാംഖഡെ സ്റ്റേഡിയത്തിൽ ഡൽഹിക്കെതിരെ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡ് പുറത്തെടുത്ത് സെൻസേഷണൽ ബാറ്റിങ്ങ് വെടിക്കെട്ടാണ് ടീമിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ആൻറിച്ച് നോർട്ടെ എറിഞ്ഞ അവസാന ഓവറിൽ 32 റൺസാണ് കരീബിയൻ പവർഹൗസ്‌ വാരിയത്. ദക്ഷിണാഫ്രിക്കൻ പേസറുടെ ഓവറിൽ നാല് കൂറ്റൻ സിക്സുകളും രണ്ട് ഫോറുകളും റൊമാരിയോ ഷെപ്പേർഡ് പറത്തി.

27 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത രോഹിത് ശര്‍മ്മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഷെപ്പേർഡിന്റെ (10 പന്തിൽ 39) അവിസ്മരണീയ പ്രകടനത്തിന്റെ കരുത്തിൽ 234/5 റൺസാണ് മുംബൈ നേടിയത്. ടിം ഡേവിഡും (21 പന്തിൽ 45) വാലറ്റത്ത് തകർപ്പൻ ബാറ്റിങ്ങാണ് പുറത്തെടുത്തത്. നാലോവറിൽ രണ്ട് വിക്കറ്റ് നേടിയെങ്കിലും നോർട്ടെ 65 റൺസാണ് വഴങ്ങിയത്. അവസാന ഓവറിലെ റണ്ണൊഴുക്ക് കണ്ട് ക്യാപ്ടൻ റിഷഭ് പന്ത് പോലും കടുത്ത നിരാശയിലാണ് കളംവിട്ടത്. ഡല്‍ഹിക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍, ആൻറിച്ച് നോര്‍ട്ടെ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

Post a Comment

Previous Post Next Post