(www.kl14onlinenews.com)
(05-APR-2024)
രാഹുൽ ഗാന്ധി വരുമ്പോൾ ഉയർത്താനാവാത്ത പച്ചപ്പതാകയുടെ നിറം ലീഗ് മാറ്റുമോ?'; കൊടി വിവാദത്തില്‍ കെ.ടി ജലീൽ
മലപ്പുറം: രാഹുൽ ഗാന്ധി വരുമ്പോൾ ഉയർത്താൻ പറ്റാത്ത പച്ച പതാകയുടെ നിറം മുസ്‍ലിം ലീഗ് മാറ്റുമോ യെന്ന് കെടി.ജലീൽ. ഹരിത പതാക ഉയർത്താൻ ഭയപ്പെടുന്ന മുസ്‍ലിം ലീഗ് ചെരുപ്പിനനുസരിച്ച് കാലു മുറിക്കുകയാണ്. മുസ്‍ലിം ലീഗ് പിരിച്ചുവിട്ട് കോൺഗ്രസിൽ ലയിക്കുന്നതാണ് നല്ലതെന്നും കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
'പച്ചക്കൊടിയോട് രാഹുൽ ഗാന്ധിക്ക് ഇത്ര അലർജിയാണെങ്കിൽ പച്ചക്കൊടി ആരും പിടിക്കാത്ത കർണ്ണാടകയിലോ അന്ധ്രയിലോ യു.പിയിലോ അദ്ദേഹത്തിന് മൽസരിക്കാമായിരുന്നില്ലേ? വയാനാടിന് പ്രകൃതി കനിഞ്ഞരുളിയ നിറമാണ് പച്ച. ആ പച്ച തന്നെയല്ലേ ലീഗിൻ്റെ കൊടിയുടെ നിറത്തിലെ പച്ചയും?'..കെ.ടി ജലീല്‍ കുറിപ്പല്‍ പറയുന്നു.
കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ലീഗ് "പച്ചപ്പതാക" മാറ്റുമോ?
രാഹുൽഗാന്ധി വരുമ്പോൾ ഉയർത്താൻ പറ്റാത്ത പതാകയാണ് ലീഗിൻ്റെ പച്ചപ്പതാകയെങ്കിൽ അടിയന്തിരമായി ലീഗ്, കൊടിയുടെ നിറം മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണം. ഖാഇദെമില്ലത്തിനും സീതിസാഹിബിനും ബാഫഖി തങ്ങൾക്കും പറ്റിയ "തെറ്റ്" ഞങ്ങൾ തിരുത്തുന്നു എന്ന് പ്രഖ്യാപിക്കണം. അതിനായി മുസ്ലിംലീഗിൻ്റെ ഭരണഘടന ഭേദഗതി ചെയ്യണം. അഞ്ചുപതിറ്റാണ്ടിലധികമായി ലീഗിൻ്റെ സഖ്യകക്ഷിയായ കോൺഗ്രസ്സിന് പോലും അലർജിയാണ് "അർധനക്ഷത്രാങ്കിത ഹരിതപതാക"യെങ്കിൽ പിന്നെ ആർക്കാണ് ആ പതാക ദഹിക്കുക? സംഘ് പരിവാറിൻ്റെ മറ്റൊരു പതിപ്പായി കോൺഗ്രസ്സും മാറുകയാണെന്നല്ലേ അതിനർത്ഥം
ലീഗിൻ്റെ പേരും പതാകയുമാണ് 1947 മുതൽ 1967 വരെ മുസ്ലിംലീഗിനെ അംഗീകൃത ഘടകകക്ഷിയാക്കാൻ കോൺഗ്രസ്സിന് തടസ്സമായത്. പച്ചക്കൊടിയോടുള്ള "അയ്ത്തം" കോൺഗ്രസ്സ് നേതാക്കൾക്ക് മാറിയത് 1967-ൽ ചെങ്കൊടിയുടെ കൂടെ പച്ചപ്പതാക കൂട്ടിക്കെട്ടിയതോടെയാണ്. സംഘ്പരിവാറിൻ്റെ താൽപര്യങ്ങൾക്കനുസരിച്ച് "ഹരിതപതാക" ഉയർത്താൻ ഭയപ്പെടുന്ന ലീഗ് ചെരിപ്പിനനുസരിച്ച് കാല് മുറിക്കുകയാണ്. കോൺഗ്രസ്സിൻ്റെ പതാകയും ഉയർത്തിയില്ലല്ലോ എന്ന് മേനി പറയുന്നവർ മൂവർണ്ണ ബലൂണുകളും തൊപ്പിയും ജാഥയിൽ നിർലോഭമുണ്ടായതിനെ കുറിച്ച് എന്താണ് ഒരക്ഷരം ഉരിയാടാത്തത്? കൊടി പോകട്ടെ, ലീഗ് പ്രവർത്തകർക്ക് പച്ചത്തൊപ്പിയെങ്കിലും ധരിക്കാൻ അവകാശം നൽകിക്കൂടായിരുന്നോ? പച്ചക്കൊടിയോട് രാഹുൽ ഗാന്ധിക്ക് ഇത്ര അലർജിയാണെങ്കിൽ പച്ചക്കൊടി ആരും പിടിക്കാത്ത കർണ്ണാടകയിലോ അന്ധ്രയിലോ യു.പിയിലോ അദ്ദേഹത്തിന് മൽസരിക്കാമായിരുന്നില്ലേ? വയാനാടിന് പ്രകൃതി കനിഞ്ഞരുളിയ നിറമാണ് പച്ച. ആ പച്ച തന്നെയല്ലേ ലീഗിൻ്റെ കൊടിയുടെ നിറത്തിലെ പച്ചയും?
പാക്കിസ്താനെപ്പോലെ ഇന്ത്യ അതിർത്തി പങ്കിടുന്ന രാജ്യമാണല്ലോ ചൈന. ഇന്ത്യ-ചൈന യുദ്ധവും നടന്നിട്ടുണ്ട്. ചൈനയുടെ കൊടിയുടെ നിറമാണ് ഇടതുപാർട്ടികൾക്കെന്നും അവരത് ഉയർത്തരുതെന്നും സംഘ്പരിവാർ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസം വൈദേശികമാണെന്ന് ആക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യന്തര ശത്രുക്കളുടെ പട്ടികയിൽ മുസ്ലിങ്ങൾക്കും ക്രൈസ്തവർക്കുമൊപ്പം കമ്മ്യൂണിസ്റ്റുകാരെയും ഗോൾവാൾക്കർ എണ്ണിയിട്ടുണ്ട്. എന്ന്കരുതി കമ്മ്യൂണിസ്റ്റ് പാർട്ടികളോട് ആരെങ്കിലും ചെങ്കൊടി ഉയർത്തരുതെന്ന് പറഞ്ഞാൽ അവരതിന് പുല്ല് വിലയല്ലേ കൽപ്പിക്കുകയുള്ളൂ.
എൻ.ഐ.എ നിയമഭേദഗതിക്കെതിരായി വോട്ട് രേഖപ്പെടുത്തുന്നവർ രാജ്യദ്രോഹികളാണെന്ന് അമിത്ഷാ പ്രഖ്യാപിച്ചപ്പോൾ ഭയന്നുവിറച്ച കോൺഗ്രസ്സ് ബി.ജെ.പിയുടെ കൂടെച്ചേർന്ന് അതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ആ കരിനിയമത്തിനെതിരെ കേരളത്തിൽ നിന്ന് ഇൻഡ്യൻ പാർലമെൻ്റിൽ ഉയർന്നത് ഒരേയൊരു കയ്യാണ്. അത് സി.പി.ഐ എമ്മിൻ്റെ ഏക അംഗം എ.എം ആരിഫിൻ്റേതാണ്.
ഇന്നലെ "തൊപ്പി" ഊരാൻ പറഞ്ഞ കോൺഗ്രസ്സ് ഇന്ന് ''കൊടി" ഊരാൻ പറഞ്ഞു. നാളെ അവർ ലീഗിൻ്റെ മുന്നിലെ "മുസ്ലിം" ഊരാൻ പറഞ്ഞാൽ അതും ലീഗ് കേൾക്കേണ്ടി വരില്ലേ? "ഇൻഡ്യ" മുന്നണിയിലെ മറ്റേതെങ്കിലും ഒരു ഘടക കക്ഷിയോട് കോൺഗ്രസ് ഇത്തരമൊരാവശ്യം മുന്നോട്ടു വെക്കുമോ? പച്ചപ്പതാകയുടെ "മഹാത്മ്യം" ദയവായി ലീഗ് ഇനി മേലിൽ പാടി നടക്കരുത്. ആ കൊടി നാലാള് കൂടുന്നേടത്ത് ഉയർത്താൻ പറ്റാത്തത്ര "മോശമാണെന്ന്" ലീഗ്തന്നെയല്ലേ സമ്മതിച്ചിരിക്കുന്നത്!!
ഇതിലും ഭേദം ലീഗ് പിരിച്ചുവിട്ട് കോൺഗ്രസ്സിൽ ലയിക്കുന്നതാണ്. അതിലേക്ക് പാർട്ടി പ്രവർത്തകരുടെ മനസ്സിനെ പരുവപ്പെടുത്താനുള്ള പരീക്ഷണമാണോ വയനാട്ടിൽ നടന്നത്? ലീഗണികൾക്ക് ഖാദർ മൊയ്തീൻ സാഹിബിനെക്കാളും സാദിഖലി തങ്ങളെക്കാളും ഇഷ്ടം രാഹുൽ ഗാന്ധിയോടും കോൺഗ്രസ്സ് നേതാക്കളോടുമാണെന്ന് സമീപകാലത്തെ ചില സംഭവങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഗുലാംനബി ആസാദിലെ ''നബി" ചില കോൺഗ്രസ് നേതാക്കൾക്ക് പിടിക്കാത്തത് കൊണ്ടാണ് അദ്ദേഹത്തിന് കോൺഗ്രസ് വിട്ട് പോകേണ്ടി വന്നത്. അതൊക്കെ മനസ്സിലാക്കി ഉണർന്നു പ്രവർത്തിച്ചാൽ ലീഗിന് നന്നു! അല്ലെങ്കിൽ ഒട്ടകത്തിന് തലചായ്ക്കാൻ ഇടം കൊടുത്ത് കൂടാരത്തിന് പുറത്തായ 'അറബി'യുടെ സ്ഥിതി വരും ലീഗിൻ്റെ നേതാക്കൾക്ക്.
Post a Comment