തരൂര്‍ ദേശാടനപക്ഷി; പയറ്റുന്നത് കഞ്ഞിക്കുഴി തന്ത്രം: കടകംപള്ളി സുരേന്ദ്രന്‍

(www.kl14onlinenews.com)
(13-APR-2024)

തരൂര്‍ ദേശാടനപക്ഷി; പയറ്റുന്നത് കഞ്ഞിക്കുഴി തന്ത്രം: കടകംപള്ളി സുരേന്ദ്രന്‍
ശശി തരൂരിനെ ദേശാടനപക്ഷിയെന്ന് വിളിച്ച് എല്‍ഡിഎഫ്. തിരഞ്ഞെടുപ്പില്‍ പയറ്റുന്നത് കഞ്ഞിക്കുഴി തന്ത്രമെന്നും കടകംപള്ളി സുരേന്ദ്രന്റെ വിമര്‍ശനം. തിരുവനന്തപുരത്തെ മല്‍സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണെന്നും പന്ന്യന്‍ എന്തിനാണ് മല്‍സരിക്കുന്നതെന്നുമുള്ള ശശി തരൂരിന്റെ പ്രസ്താവനയാണ് വിമര്‍ശനത്തിന് കാരണം.

തിരുവനന്തപുരത്ത് ത്രികോണ മല്‍സരമെന്നായിരുന്നു തരൂരിന്റെ ആദ്യനിലപാട്. തന്റെ വോട്ടുബാങ്കുകളിലേക്ക് രാജീവ് ചന്ദ്രശേഖര്‍ കടന്ന് കയറുന്നൂവെന്ന തോന്നലുണ്ടായതോടെ നിലപാട് മാറ്റി. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഉറപ്പിക്കുകയാണ് തരൂരിന്റെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞതോടെയാണ് തരൂരിന് നേര്‍ക്ക് എല്‍.ഡി.എഫ് കടന്നാക്രമണം തുടങ്ങി.

തിരുവനന്തപുരത്തിന്റെ തൊട്ടടുത്തുള്ള ആറ്റിങ്ങലില്‍ സി.പി.എം ജില്ലാ സെക്രട്ടറി മല്‍സരിക്കുന്നതിനാല്‍, തിരുവനന്തപുരത്തെ സി.പി.എമ്മിന്റെ സംഘടനാ സംവിധാനം പകുതിയിലേറെയും അവിടേക്ക് പോയി. ആളും ആര്‍ത്ഥവുമില്ലാതെ പന്ന്യന്‍ ഒറ്റപ്പെട്ടു. ഇതൊക്കെയാണ് മല്‍സരം ബി.ജെ.പിയുമായെന്ന് പറയുന്നതിന്റെ കാരണമായി തരൂര്‍ ക്യാംപ് വിശദീകരിക്കുന്നത്. നുണപ്രചാരണമെന്ന് സി.പി.ഐ മന്ത്രിയേക്കൊണ്ട് തന്നെ സാക്ഷ്യപ്പെടുത്തുകയാണ് എല്‍.ഡി.എഫ്.

പന്ന്യന് വോട്ട് കൂടിയാല്‍ തിരിച്ചടിയാകുമെന്ന് തരൂരും യു.ഡി.എഫ്–ബി.ജെ.പി മല്‍സരമെന്ന് ജനംകരുതിയാല്‍ നിക്കക്കള്ളിയില്ലാതാകുമെന്ന് എല്‍.ഡി.എഫും ഭയപ്പെടുന്നതാണ് വാദപ്രതിവാദത്തിന്റെ കാരണം.

Post a Comment

Previous Post Next Post