യാത്രക്കാർക്ക് അനുഭവപ്പെട്ട അസൗകര്യത്തിന് ഖേദം പ്രകടിപ്പിക്കുന്നു: ദുബായ് വിമാനത്താവള സിഇഒ

(www.kl14onlinenews.com)
(20-APR-2024)

യാത്രക്കാർക്ക് അനുഭവപ്പെട്ട അസൗകര്യത്തിന് ഖേദം പ്രകടിപ്പിക്കുന്നു: ദുബായ് വിമാനത്താവള സിഇഒ

ദുബായ് :യുഎഇയിൽ അപ്രതീക്ഷിതമായ കനത്ത മഴയെത്തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർ നേരിട്ട അസൗകര്യങ്ങളിൽ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള സിഇഒ പോൾ ഗ്രിഫിത്ത്സ് രംഗത്ത്. ‘‘വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ദുബായ് എയർപോർട്ട് ടീം നിരന്തരം പരിശ്രമിക്കുന്നുണ്ട്. ഈ പ്രതിസന്ധി നേരിടുന്നതിനും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും എല്ലാ പങ്കാളികളും ഒന്നിച്ച് പ്രവർത്തിക്കുകയാണ്. വിമാനത്താവളം വൃത്തിയാക്കാനും നന്നാക്കാനും, റൺ‌വേകൾ വീണ്ടും തുറക്കാനും, യാത്രാ സൗകര്യങ്ങൾ പുനഃസ്ഥാപിക്കാനുമുള്ള ശ്രമം തുടുരകയാണ്. എത്രയും വേഗം സാധാരണനിലയിൽ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കും.

യുഎഇയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മഴയാണ് വിമാനത്താവള പ്രവർത്തനങ്ങളെ ബാധിക്കുകയും യാത്രക്കാരെയും ജീവനക്കാരെയും ബുദ്ധിമുട്ടിക്കുകയും ചെയ്തത്. ദുബായ് രാജ്യാന്തര വിമാനത്താവളം സാധാരണ പ്രവർത്തന ഷെഡ്യൂളിലേക്ക് തിരിച്ചെത്തുന്നതോടെ, യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്രയും വേഗത്തിൽ എത്തിച്ചേരാൻ സാധിക്കും. നിലവിലെ സാഹചര്യം സവിശേഷമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും, ഞങ്ങൾ എത്രയും വേഗം സാധാരണ പ്രവർത്തനം പുനഃസ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ദുബായ് എയർപോർട്ട് ടീം, എയർലൈൻ പങ്കാളികൾ, വാണിജ്യ പങ്കാളികൾ, സേവന ദാതാക്കൾ എന്നിവർ പ്രശ്നങ്ങൾ പരിഹരിക്കാൻ രാത്രിയും പകലും പരിശ്രമിക്കുകയാണ്. ഈ സാഹചര്യത്തെ നേരിടുന്നതിൽ ഞങ്ങൾ ക്ഷമയോടെയും ദൃഢനിശ്ചയത്തോടെയും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളുടെ അതിഥികളുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദി പറയുന്നു. യാത്രക്കാർക്ക് അനുഭവപ്പെട്ട നിരാശയ്ക്കും അസൗകര്യത്തിനും ഖേദം പ്രകടിപ്പിക്കുന്നു. ഈ സാഹചര്യം മനസ്സിലാക്കിയതിന് എല്ലാവർക്കും നന്ദി.’’– പോൾ ഗ്രിഫിത്ത്സ് വ്യക്തമാക്കി

അതേസമയം, യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയെത്തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താളംതെറ്റുകയും എയർ ഇന്ത്യയുൾപ്പെടെയുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post