ഇസ്രയേലല്ല, പ്രതിരോധം തീർക്കുന്നത് അമേരിക്ക; വ്യോമാക്രമണം തുടർന്ന് ഇറാൻ

(www.kl14onlinenews.com)
(16-APR-2024)

ഇസ്രയേലല്ല, പ്രതിരോധം തീർക്കുന്നത് അമേരിക്ക; വ്യോമാക്രമണം തുടർന്ന് ഇറാൻ
ഇസ്രയേലിന് നേരെ ഇറാൻ വർഷിയ്ക്കുന്ന മിസൈലുകൾക്ക് പ്രതിരോധം തീർക്കുന്നത് അമേരിക്കയെന്ന് റിപ്പോർട്ട്. അമേരിക്കൻ വാർത്താ ഏജൻസിയായ ദി ഇൻ്റർസെപ്‌റ്റിനോട് സംസാരിച്ച യുഎസ് സൈനിക ഉദ്യോഗസ്ഥരാണ് ഇസ്രായേലിൽ എത്തുന്നതിനുമുമ്പ് പകുതിയിലധികം യുഎസ് വിമാനങ്ങളും മിസൈലുകളും തകർത്തതായി പറഞ്ഞത്.

ശനിയാഴ്ച ഇറാൻ ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്തുന്നതിൻ്റെ ഭാഗമായി 300-ൽ അധികം മിസൈലുകളും ഡ്രോണുകളുമാണ് വിക്ഷേപിച്ചത്. ആക്രമണത്തിന് തൊട്ടുപിന്നാലെ യുഎസ്, ജോർദാൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നിവയുൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സഹായത്തോടെ 99 ശതമാനത്തിലധികം ആയുധങ്ങളും തങ്ങളുടെ സൈന്യം പ്രതിരോധിച്ചതായി ഇസ്രായേലും വ്യക്തമാക്കി.
80-ലധികം വൺ-വേ അറ്റാക്ക് അൺക്രൂഡ് ഏരിയൽ വെഹിക്കിളുകളും (OWA UAV) ഇറാനിൽ നിന്നും യെമനിൽ നിന്നും ഇസ്രായേലിനെ ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്ന ആറ് ബാലിസ്റ്റിക് മിസൈലുകളെങ്കിലും തങ്ങളുടെ സൈന്യം നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു

ഇസ്രായേൽ പറയുന്നതനുസരിച്ച് ഇറാൻ 330-ലധികം ഡ്രോണുകളും താഴ്ന്ന പറക്കുന്ന ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചു. ഈ ആയുധപ്പുരയിൽ 30 പാവെ-ടൈപ്പ് ക്രൂയിസ് മിസൈലുകൾ, ഏകദേശം 180 ഷാഹെദ് ഡ്രോണുകൾ, 120 ഇമാദ് ഇൻ്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ എന്നിവ ഉൾപ്പെടുന്നു.

എല്ലാ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഇറാൻ്റെ പ്രദേശത്ത് നിന്ന് വിക്ഷേപിച്ചപ്പോൾ ചില മിസൈലുകളും യെമനിൽ നിന്ന് വിക്ഷേപിച്ചു.

സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ടെഹ്‌റാൻ കോൺസുലേറ്റ് കെട്ടിടത്തിന് നേരെ ഏപ്രിൽ 1-ന് നടത്തിയ മാരകമായ വ്യോമാക്രമണത്തിൻ്റെ പ്രതികാരമായാണ് തങ്ങളുടെ ആക്രമണമെന്ന് ഇറാൻ പ്രസ്താവിച്ചു.
ആ രാത്രി സംഭവിച്ചതെന്ത്? 

ഏപ്രിൽ 13ന് രാത്രി, ഇസ്രയേലിലുടനീളം സൈറണുകൾ മുഴങ്ങി, രാജ്യം വലിയൊരു പ്രതിസന്ധിയെ നേരിടാൻ പോകുകയാണെന്ന് മനസ്സിലുറപ്പിച്ച് ജനം പുറത്തിറങ്ങാതെ സുരക്ഷിത താവളങ്ങളിലേക്ക് ഓടി. ഇസ്രയേലിന്റെ തെക്ക്, വടക്ക് പ്രദേശങ്ങളിലുള്ള സൈനിക താവളങ്ങൾക്ക് സമീപവും ജറുസലേമിനു പരിസരത്തുമാണ് സൈറൻ മുഴങ്ങിയത്. ഇറാൻ ഇസ്രയേലിനെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി ദിവസങ്ങൾക്ക് മുൻപേ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിനാൽ തന്നെ എല്ലാ ഒരുക്കങ്ങളും രാജ്യം നടത്തിയിട്ടുണ്ടാകുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ടായിരുന്നു, ആ വിശ്വാസത്തോടെയാണ് പലരും ഉറങ്ങാൻ പോയത്. രാജ്യത്തെ പൗരൻമാരുടെ ആ വിശ്വാസം സംരക്ഷിക്കാൻ ഇസ്രയേൽ സൈന്യത്തിന് സാധിക്കുകയും ചെയ്തു. യുഎസ് സൈന്യത്തിന്റെ ശക്തമായ പിന്തുണയാണ് ഇസ്രയേലിനെ രക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ അത്യാധുനിക സായുധ ഡ്രോണുകളും മിസൈലുകളുമാണ് ഇസ്രയേലിലേക്ക് പറന്നതെത്തിയത്. എന്നാൽ എല്ലാം ഭംഗിയായി, കൃത്യമായ സമയത്ത് നേരിടാൻ സാധിച്ചുവെന്ന് തന്നെയാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇറാനെതിരെ ഇസ്രയേലിന്റെ തിരിച്ചടി എങ്ങനെയായിരിക്കുമെന്ന് നിരീക്ഷിക്കുകയാണ് ലോകം. ഇതിനിടെ ഇസ്രയേലിന്റെ ചരക്കുകപ്പൽ ഇറാന്റെ നാവിക സേന പിടിച്ചെടുത്തതോടെ സംഘർഷം രൂക്ഷമാകുകയാണ്. ഇറാൻ–ഇസ്രയേൽ സംഘർഷം ജിസിസി രാജ്യങ്ങൾക്കും രാജ്യന്തര വിപണികൾക്കും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ആദ്യം മുന്നറിയിപ്പ്, പിന്നാലെ ആക്രമണം

ഗസയിലെ യുദ്ധത്തെച്ചൊല്ലി പ്രാദേശിക പിരിമുറുക്കം തുടരുന്നതിനിടെ ശനിയാഴ്ച രാത്രിയാണ് ഇറാൻ ഇസ്രയേലിനു നേരെ മിസൈലുകളുടെയും ഡ്രോണുകളുടെയും തീമഴ വർഷിച്ചത്. മുന്നൂറിലധികം ഡ്രോണുകളും ക്രൂസ്, ബാലിസ്റ്റിക് മിസൈലുകളും ഇറാൻ വിക്ഷേപിച്ചു. ഇത് ആദ്യമായാണ് ഇറാൻ ഇസ്രയേലിനെതിരെ നേരിട്ട് വ്യോമാക്രമണം നടത്തുന്നത്. എന്നാൽ ഇസ്രയേൽ പ്രതിരോധ സേനാ വക്താവ് റിയർ അഡ്മിഷൻ ഡാനിയൽ ഹഗാരിയുടെ റിപ്പോർട്ട് പ്രകാരം ഏകദേശം 99 ശതമാനം ആക്രമണങ്ങളും മുകളിൽ വച്ച് തന്നെ നേരിടാൻ സാധിച്ചു എന്നാണ്. ഇറാൻ ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഡ്രോൺ ആക്രമണമായിരുന്നു ഇത്. ഏതാണ്ട് അരനൂറ്റാണ്ടോളം ബദ്ധശത്രുക്കളായിരുന്ന ഇറാൻ ഇസ്രയേലിനെ നേരിട്ട് ആക്രമിച്ചത് വൻ ആശങ്കയോടെയാണ് അറബ് രാജ്യങ്ങൾ നോക്കിക്കാണുന്നത്.

∙100 ക്രൂസ്, 200 ബാലിസ്റ്റിക് മിസൈലുകൾ

2000 ക്രൂസ് മിസൈലുകളാണ് ഇസ്രയേൽ ലക്ഷ്യമാക്കി കുതിച്ചെത്തിയത്. ഇതിൽ 25 എണ്ണവും ഇസ്രയേൽ വ്യോമാതിർത്തിക്ക് പുറത്ത് വച്ച് തന്നെ തടയാൻ സാധിച്ചു. ആക്രമണത്തിന് 120 ബാലിസ്റ്റിക് മിസൈലുകളും പ്രയോഗിച്ചിരുന്നു. ഇതിൽ ചില മിസൈലുകൾ നെഗേവിലെ നവതിം വ്യോമ താവളത്തിന് നേരിയ കേടുപാടുകൾ വരുത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ആക്രമണം ഏകദേശം അഞ്ച് മണിക്കൂർ നീണ്ടുനിന്നതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ശനിയാഴ്ച രാത്രി തുടങ്ങിയ ഡ്രോൺ, മിസൈൽ ആക്രമണം ഞായറാഴ്ച പുലർച്ചെ വരെ തുടർന്നു. എന്നാൽ, ഇസ്രയേലിനെ ആക്രമിക്കാൻ എത്ര ഡ്രോണുകളും ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും ഉപയോഗിച്ചുവെന്നതിനെക്കുറിച്ച് ഇറാനിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. എന്നാൽ, 300ലധികം വിക്ഷേപിച്ചതായാണ് ഇസ്രയേൽ സൈന്യം പറയുന്നത്.

തുടർച്ചയായി ഇറാനെതിരെ ഇസ്രയേലും സഖ്യകക്ഷികളും നടത്തുന്ന ആക്രമണങ്ങൾക്ക് പ്രത്യാക്രമണം നടത്താൻ രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ ലക്ഷ്യമിടുന്നുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. ഇസ്രയേലിനെതിരായ പ്രത്യാക്രമണത്തെ ‘ ട്രൂ പ്രോമിസ്’ എന്നാണ് ഇസ്‌ലാമിക് റെവലൂഷണറി ഗാർഡ് കോർ (ഐആർജിസി) വിശേഷിപ്പിച്ചത്.

വളഞ്ഞിട്ട് ആക്രമിക്കാൻ നീക്കം

തസ്‌നിം വാർത്താ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച് ശനിയാഴ്ച ഇസ്രയേലിനെതിരായ ഇറാന്റെ ആക്രമണം നാലുവശത്തും നിന്നുമായിരുന്നു എന്നാണ്. ഇറാൻ, ലെബനൻ, ഇറാഖ്, യെമൻ എന്നിവിടങ്ങളിൽ നിന്നാണ് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചത്. പ്രാദേശിക സമയം അർദ്ധരാത്രിയോടെയാണ് മിസൈലുകളും ഡ്രോണുകളും ഒന്നിച്ച് വിക്ഷേപിച്ചത്. ഹമാസ് നടത്തിയ നീക്കങ്ങൾക്ക് സമാനമായിട്ടായിരുന്നു ഇറാന്റെയും പ്രത്യാക്രമണം. ആക്രമണം ഞങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ വിജയകരമായിരുന്നു എന്നാണ് ഇസ്‌ലാമിക് റെവലൂഷണറി ഗാർഡ് കോർ കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി പറഞ്ഞത്. ഇസ്രയേലിന്റെ ഏത് തിരിച്ചടിക്കും കൂടുതൽ ശക്തമായ പ്രത്യാക്രമണമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഇറാനിൽ നിന്ന് ഇസ്രയേലിലേക്ക് ഏകദേശം 1500 കിലോമീറ്റർ ദൂരം സഞ്ചരിക്കണം. ഈ ഡ്രോണുകൾക്ക് അത്രയും ദൂരം താണ്ടാൻ സാധിക്കും. 2500 കിലോമീറ്റര്‍ വരെ നിര്‍ത്താതെ പറക്കാന്‍ ഇവയ്ക്ക് കഴിയും. പരമാവധി വേഗം മണിക്കൂറില്‍ 185 കിലോമീറ്ററാണ്. 50 കിലോഗ്രാം വരെ സ്‌ഫോടക വസ്തുക്കള്‍ വഹിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്. 8.2 അടി നീളമുള്ള ഷാഹെദ് 136 ഡ്രോണുകളെ റഡാറുകളില്‍ കണ്ടെത്തുക എളുപ്പമല്ല. താരതമ്യേന ചെറിയ പോർമുന വഹിക്കാൻ ശേഷിയുള്ള ഷാഹെദ്-136 കാമികേസ് ഡ്രോണുകളാണ് ഇസ്രയേലിനെതിരായ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു.
എല്ലാം സുരക്ഷിതം, പക്ഷേ ആശങ്ക തുടരുന്നു

ഇസ്രയേലിൽ നിന്ന് ലഭ്യമായ റിപ്പോർട്ട് പ്രകാരം ഇറാനിയൻ ആക്രമണത്തിൽ ആർക്കും ജീവഹാനി സംഭവിച്ചതായോ, കാര്യമായ പരുക്കേറ്റതായോ റിപ്പോർട്ടുകളൊന്നുമില്ല. എന്നാൽ, സുരക്ഷിത താവളത്തിലേക്കുള്ള ഓട്ടത്തിനിടെ ചിലർക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്. ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ പരിഭ്രാന്തരായ 31 പേരെ ചികിത്സിക്കാൻ വിളിച്ചതായി മാഗൻ ഡേവിഡ് അഡോം (എംഡിഎ) എമർജൻസി സർവീസ് അറിയിച്ചു. ഇറാനിയൻ ഡ്രോണിനെ നേരിടാൻ വിക്ഷേപിച്ച  മിസൈൽ ഭാഗങ്ങൾ വീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഏഴു വയസ്സുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എംഡിഎ അറിയിച്ചു.

ഇസ്രയേലിനെ രക്ഷിച്ചത് യുഎസിന്റെ കൂട്ടായ ശ്രമം

ഒരു സംഘം രാജ്യങ്ങളുടെ കൂട്ടുകെട്ടാണ് ഇറാന്റെ ആക്രമണങ്ങളിൽ നിന്ന് ഇസ്രയേലിനെ രക്ഷിച്ചത്. ഇസ്രയേലിന് ചുറ്റും പ്രതിരോധം തീർക്കാൻ യുഎസ് സേനയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തിയത്. ഡ്രോണുകളും മിസൈലുകളും വീഴ്ത്താൻ ഇസ്രയേലിനെ യുഎസ് സൈന്യം സഹായിച്ചതായി പ്രസിഡന്റ് ജോ ബൈഡൻ തന്നെ പറഞ്ഞു. ബ്രിട്ടന്റെ റോയൽ എയർഫോഴ്‌സ് നിരവധി ഇറാനിയൻ കില്ലർ ഡ്രോണുകൾ വെടിവച്ചിട്ടതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകും പറഞ്ഞു. അതേസമയം, ജോർദാൻ ഒറ്റരാത്രികൊണ്ട് അവരുടെ വ്യോമാതിർത്തിയിലൂടെ പറന്ന വസ്തുക്കളെ എല്ലാം വെടിവച്ചിട്ടെന്നും അറിയിച്ചു. ഫ്രാൻസും സാങ്കേതിക പിന്തുണ നൽകി ഇസ്രയേലിനെ സഹായിച്ചു.

തുടക്കമിട്ടത് ഇസ്രയേൽ

ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാനിയൻ നയതന്ത്ര ആസ്ഥാനത്ത് ഇസ്രയേൽ നടത്തിയ മാരകമായ ആക്രമണത്തിനുള്ള പ്രതികാരമായാണ് വ്യോമാക്രമണം നടത്തുന്നതെന്നാണ് ദിവസങ്ങൾക്ക് മുൻപ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ പറഞ്ഞത്. ഡമാസ്‌കസിലെ ഇറാൻ കോൺസുലേറ്റിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സിറിയയിലെയും ലെബനനിലെയും മുൻനിര പ്രവർത്തനങ്ങളുടെ ചുമതലയുള്ള രണ്ട് ജനറൽമാർ ഉൾപ്പെടെ ഏഴ് ഐആർജിസി അംഗങ്ങളും മറ്റ് ആറ് പേരും കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇസ്രയേലിനെതിരായ ആക്രമണത്തിനു ഹമാസും പിന്തുണ പ്രഖ്യാപിച്ചു. സിറിയയിലെ ആക്രമണത്തിന് അർഹമായ പ്രതികരണം വേണമെന്നാണ്  അവർ ആവശ്യപ്പെട്ടത്. യെമനിലെ വിമത ഹൂതി ഗ്രൂപ്പിലെ ഉദ്യോഗസ്ഥർ ഇറാന്റെ നീക്കത്തെ അഭിനന്ദിക്കുകയും ചെയ്തു. യെമനിൽ നിന്ന് ചില ഡ്രോണുകളും ക്രൂസ് മിസൈലുകളും വിക്ഷേപിച്ചതായും റിപ്പോർട്ടുകളുണ്ട്.

വരാനിരിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധിയോ?

ഇറാനും ഇസ്രയേലും വലിയ സംഘർഷത്തിലേക്ക് പോയാൽ ജിസിസി രാജ്യങ്ങൾക്ക് മാത്രമല്ല, ആഗോള വിപണിയിൽ തന്നെ വന്‍ പ്രതിസന്ധി നേരിടും. ചെറിയൊരു ആക്രമണം നടന്നപ്പോൾ തന്നെ അതിന്റെ പ്രത്യാഘാതങ്ങൾ വിപണിയിൽ കണ്ടു തുടങ്ങി. സംഘർഷ സാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ വിദേശ കറൻസികളുടെ മൂല്യത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാണ്. ഇറാന്റെ ദേശീയ കറൻസിയായ റിയാലിന്റെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേക്ക് പോയി. ഇന്ധന വിപണിയിലും വൻ പ്രതിസന്ധി നേരിട്ടേക്കാം. സ്വർണത്തിന്റെ വിലയിലും മാറ്റമുണ്ടാകും.

ഏപ്രിൽ ഒന്നിന് ഇസ്രയേൽ സിറിയയിൽ ആക്രമണം നടത്തിയതിനെത്തുടർന്ന് എണ്ണവില ക്രൂഡോയിൽ ബാരലിന് 90 ഡോളറിന് മുകളിലെത്തിയിരുന്നു. അതേസമയം, ഇറാനും ഇസ്രയേലും വൻ സംഘർഷത്തിലേക്ക് പോയാൽ വില 100 ഡോളർ കടന്നേക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഇരു രാഷ്ട്രങ്ങളും ഇന്ത്യയ്ക്ക് വേണ്ടപ്പെട്ടവർ തന്നെയാണ്. ഇതിനാൽ വരാനിരിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ ഇന്ത്യയേയും ബാധിച്ചേക്കും. ക്രൂഡ് ഓയിൽ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഇത് വൻ തിരിച്ചടിയാകും.

ഇന്ധന വില കൂടിയാൽ മിക്ക ഉൽപന്നങ്ങളുടെയും വില കൂടാൻ കാരണമാകും. ഇത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെയും താറുമാറാക്കും. അതായത് ഇറാനും ഇസ്രയേലും വിക്ഷേപിക്കുന്ന മിസൈലിന്റെ ചൂട് മറ്റൊരു വഴിക്ക് ലോകം ഒന്നടങ്കം അനുഭവിക്കേണ്ടി വരും. രാജ്യാന്തര വിപണിയിലെ ഏത് പ്രതിസന്ധിയും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചേക്കാം. എണ്ണവിലയിലെ കുതിച്ചുചാട്ടം രാജ്യത്തിന്റെ വളർച്ചയെ തന്നെ കാര്യമായി ബാധിക്കും

Post a Comment

Previous Post Next Post