എന്റെ പിതാവിനെ വീട്ടിലെത്തിച്ചത് ചിന്നി ചിതറിയ നിലയിൽ'; വികാരനിർഭരയായി പ്രിയങ്ക ഗാന്ധി

(www.kl14onlinenews.com)
(27-APR-2024)

'എന്റെ പിതാവിനെ വീട്ടിലെത്തിച്ചത് ചിന്നി ചിതറിയ നിലയിൽ'; വികാരനിർഭരയായി പ്രിയങ്ക ഗാന്ധി
അഹമ്മദാബാദ്: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ വികാരനിർഭരയായി കോൺഗ്രസ് നേതാവ് പ്രയങ്ക ഗാന്ധി. മുൻ കോൺഗ്രസ് സർക്കാരുകൾക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തരമുള്ള വിമർശനങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ടായിരുന്നു പ്രിയങ്ക തന്റെ പിതാവ് രാജീവ് ഗാന്ധിയുടെ വിയോഗം ചൂണ്ടിക്കാട്ടിക്കൊണ്ട് തുറന്നടിച്ചത്. രാജ്യത്തിന് വേണ്ടി ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പിതാവിനെ ചിന്ന ഭിന്നമായി വീട്ടിലേക്ക് എത്തിക്കേണ്ടി വന്നതാണ് തങ്ങളുടെ പാരമ്പര്യമെന്നും പൊതുജനങ്ങളോട് കള്ളം പറയുന്ന ആദ്യത്തെ പ്രധാനമന്ത്രി മോദിയായിരിക്കുമെന്നും പ്രിയങ്ക തുറന്നടിച്ചു. ഗുജറാത്തിലെ വൽസാദിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയാണ് പ്രിയങ്കയുടെ പരാമർശങ്ങൾ.

പ്രകടനപത്രികയിലെ സമ്പത്ത് പുനർവിതരണം വാഗ്ദാനത്തെച്ചൊല്ലി കോൺഗ്രസിനെതിരായ നിരന്തരമായ ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട പ്രിയങ്ക ഗാന്ധി തന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടേയും പിതാവ് രാജീവ് ഗാന്ധിയുടേയും രക്തസാക്ഷിത്വം ഓർമ്മിപ്പിച്ചുകൊണ്ടാണ് മോദിക്കെതിരെ തുറന്നടിച്ചത്. തന്റെ പിതാവ് രാജീവ് ഗാന്ധി ഉൾപ്പെടെ നിരവധി പ്രധാനമന്ത്രിമാരെ താൻ കണ്ടിട്ടുണ്ടെന്നും ഇന്ദിരാ ഗാന്ധിയും, രാജീവും, മൻമോഹൻ സിങുമടക്കമുള്ളവർ രാജ്യത്തിന് ചെയ്ത വികസന പ്രവർത്തനങ്ങൾ ജനത്തിനറിയാമെന്നും പ്രിയങ്ക പറഞ്ഞു.

“രാജ്യത്തെ പല പ്രധാനമന്ത്രിമാരെയും ഞാൻ കണ്ടിട്ടുണ്ട്..രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായവരാണ് ഇന്ദിരാജി. ഞാൻ രാജീവ് ജിയെ കഷണങ്ങളായാണ് വീട്ടിലേക്ക് കൊണ്ടുവന്നത്, അദ്ദേഹം രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായി. മൻമോഹൻ സിംഗ് ഈ രാജ്യത്ത് വിപ്ലവം കൊണ്ടുവന്നു. പരിഷ്‌കൃതനായ അടൽ ബിഹാരി വാജ്‌പേയി ജിയും പ്രതിപക്ഷത്തുണ്ടായിരുന്നു,” പ്രിയങ്ക പറഞ്ഞു. എന്നാൽ പൊതുജനങ്ങളോട് കള്ളം പറയുന്ന രാജ്യത്തെ ആദ്യത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും" മോദിക്കെതിരെ പ്രിയങ്ക തുറന്നടിച്ചു.

അതേസമയം
പ്രസംഗത്തിനിടെ മോദി കരഞ്ഞത് തോല്‍ക്കുമോ എന്ന് ഭയമാണെന്ന് രാഹുല്‍ ഗാന്ധിയും പരിഹസിച്ചു. വിവാഹച്ചടങ്ങുകളില്‍ അമ്മാവന്‍ അലറുന്നതിനോടാണ് മോദിയുടെ പ്രസ്താവനകളെ പ്രിയങ്ക ഉപമിച്ചത്. കോണ്‍ഗ്രസ് ആഭരണങ്ങള്‍ അടിച്ചുമാറ്റി വേറെയുള്ളവര്‍ക്ക് വിതരണം ചെയ്യുന്നുവെന്ന് ഒരു അമ്മാവന്‍ മുന്നറിയിപ്പ് നല്‍കുന്നുവെന്നായിരുന്നു പരിഹാസം.

ഇത്തരം പ്രസ്താവനകൾ ആശങ്കയ്‌ക്ക് പകരം കേള്‍ക്കുന്നവരെ ചിരിപ്പിക്കുകയായിരിക്കും എന്നും അവര്‍ പറഞ്ഞു. ഇന്ന് ഈ രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഇത്രയും വിഡ്ഢിത്തരങ്ങള്‍ പറയുന്നത്, ആളുകള്‍ അദ്ദേഹത്തിന്‍റെ സ്ഥാനത്തിന്‍റെ മഹത്വം കണ്ട് ആ വാക്കുകള്‍ക്ക് വില കൊടുക്കും എന്ന വിശ്വാസത്തിലാണെന്നും പ്രിയങ്ക തുറന്നടിച്ചു.

മോദി കോണ്‍ഗ്രസിനെ പുതിയ തരത്തില്‍ വിമര്‍ശിക്കുകയാണ്. കോണ്‍ഗ്രസ് ജനങ്ങളുടെ വീട്ടില്‍ എക്സ് റേ മെഷീനുമായെത്തി പരിശോധന നടത്തുമെന്നാണ് മോദി പറയുന്നത്, പെട്ടിയില്‍ വെച്ചിരിക്കുന്ന താലി വരെ എടുത്തുകൊണ്ട് പോയി ബാക്കിയുള്ളവര്‍ക്ക് കൊടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്.. ഇതൊക്കെ സാധ്യമാണോയെന്നും വിഭ്രാന്തിയുടെ പുറത്ത് മോദി ഇങ്ങനെ പറയുന്നതാണോയെന്നും പ്രിയങ്ക ചോദിച്ചു.

Post a Comment

Previous Post Next Post