എസ്ഡിപിഐ പിന്തുണ വേണ്ട, വോട്ട് ആർക്കുവേണമെങ്കിലും ചെയ്യാം; കോണ്‍ഗ്രസ്

(www.kl14onlinenews.com)
(04-APR-2024)

എസ്ഡിപിഐ പിന്തുണ വേണ്ട, വോട്ട് ആർക്കുവേണമെങ്കിലും ചെയ്യാം; കോണ്‍ഗ്രസ്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ. സ്വമേധയാ പ്രഖ്യാപിച്ച പിന്തുണ നിരസിച്ച് യുഡിഎഫ് . ആർക്കുവേണമെങ്കിലും വോട്ട് ചെയ്യാമെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെ എതിർക്കുമെന്നും വിഡി സതീശൻ പറഞ്ഞു. വി.ഡി സതീശനും എംഎം ഹസനും നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എസ്.ഡി.പി.ഐ. ഏകപക്ഷീയമായി നൽകാൻ തീരുമാനിച്ച പിന്തുണ യു.ഡി.എഫിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. കോൺഗ്രസുമായോ, യു.ഡി.എഫുമായോ കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് എസ്.ഡി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വ്യക്തമാക്കിയിരുന്നു.

എസ്ഡിപിഐ പിന്തുണ സ്വീകരിച്ചാല്‍ ഉത്തരേന്ത്യയില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷവര്‍ഗീയതയെയും കോണ്‍ഗ്രസ് ഒരുപോലെ എതിര്‍ക്കുന്നു. എസ്ഡിപിഐ നല്‍കുന്ന പിന്തുണയെയും അതുപോലെ കാണുന്നു. വ്യക്തികള്‍ക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാം. എന്നാല്‍ സംഘടനകളുടെ പിന്തുണ അങ്ങനെ കാണുന്നില്ല. എസ്ഡിപിഐ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്. സിപിഎം പറയുന്നത് കേട്ടാല്‍ അവരുടെ പിന്തുണ സ്വീകരിച്ചതു പോലെയാണ്. എസ്ഡിപിഐയുമായി ഡീലുണ്ടെങ്കില്‍ അവരുടെ പിന്തുണ തള്ളുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Post a Comment

Previous Post Next Post