(www.kl14onlinenews.com)
(14-APR-2024)
മുംബൈ :
ഞായറാഴ്ച പുലർച്ചെ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതക്കു നേരെ വെടിവയ്പ്പുണ്ടായി. അജ്ഞാത സംഘം അഞ്ച് റൗണ്ട് വെടിവച്ചതായാണ് വിവരം. നടന്റെ മുബൈയിലെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിന് പുറത്താണ് വെടിവയ്പ്പ് നടന്നത്. പുലർച്ചെ അഞ്ച് മണിയോടെ ബൈക്കിലെത്തിയ രണ്ട് അജ്ഞാതർ വെടിയുതർത്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സൽമാൻ ഖാൻ വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം നടക്കുന്നത്. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയാണ് സൽമാൻ ഖാൻ. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികൾ ഹെൽമറ്റ് ധരിച്ചിരുന്നതായും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. എഫ്.ഐ.ആർ സമർപ്പിക്കാനുള്ള നീക്കത്തിലാണ് ബാന്ദ്ര പോലീസ്
ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ഭീഷണിയെത്തുടർന്ന് 2023 സെപ്റ്റംബറിൽ മുംബൈ പൊലീസ് സൽമാൻ ഖാന് നൽകിയ സുരക്ഷ, അവലോകനം ചെയ്യുകയും ജാഗ്രത പാലിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. കാനഡയിലെ പഞ്ചാബി ഗായകനും നടനുമായ ജിപ്പി ഗ്രേവാളിൻ്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പിൻ്റെ ഉത്തരവാദിത്തം ഫേസ്ബുക്ക് പോസ്റ്റിലൂടെ ഏറ്റെടുത്ത ഗുണ്ടാനേതാവാണ് ലോറൻസ് ബിഷ്‌ണോയ്. 2023 മാർച്ചിലായിരുന്നു ബിഷ്‌ണോയ് സൽമാൻ ഖാന് ഭീഷണി കത്ത് അയച്ചത്.
1998ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന സൽമാനെതിരെയുള്ള കേസാണ് ഭീഷണിക്ക് കാരണം. കൃഷ്ണമൃഗത്തെ വേട്ടയാടിയത് ബിഷ്ണോയി സമൂഹത്തെ മുറിവേൽപ്പിച്ചെന്നാണ് ലോറൻസ് ബിഷ്ണോയിയുടെ നിലപാട്.
ബിഷ്ണോയിയുടെ സംഘാംഗം സംപത് നെഹ്റ സൽമാന്റെ ബാന്ദ്ര വസതി നിരീക്ഷിച്ചിരുന്നെന്നും ആക്രമിക്കാൻ തയാറായിരുന്നെന്നും ബിഷ്ണോയി വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഹരിയാന പൊലീസിന്റെ ദൗത്യസേന നെഹ്റയെ പിടികൂടി. കഴിഞ്ഞ വർഷം ഏപ്രിൽ 11ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ പൊലീസ് സൽമാൻ ഖാന്റെ സുരക്ഷാ വൈ പ്ലസ് കാറ്റഗറിയിലേക്കു മാറ്റിയിരുന്നു.
Post a Comment