പെരുമഴക്ക് ശമനം: കാലാവസ്ഥ പൂർവ സ്ഥിതിയിൽ; നാശനഷ്ടം നികത്താൻ ഊർജിതശ്രമം

(www.kl14onlinenews.com)
(17-APR-2024)

പെരുമഴക്ക് ശമനം: കാലാവസ്ഥ പൂർവ സ്ഥിതിയിൽ; നാശനഷ്ടം നികത്താൻ ഊർജിതശ്രമം
ദുബായ്: പെരുമഴ തീർന്നു, യുഎഇയിൽ കാലാവസ്ഥ പൂർവസ്ഥിതിയിൽ എത്തി. കാലാവസ്ഥയിലെ അസ്ഥിരത അവസാനിച്ചെന്നും മഴ മാറിയെന്നും ബുധനാഴ്ച വൈകിട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ കാലാവസ്ഥ കേന്ദ്രം, ആഭ്യന്തര മന്ത്രാലയം എന്നിവർ സംയുക്തമായി ഇറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. മഴക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങൾ നികത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്. ഇതിനായി സിവിൽ ഡിഫൻസ്, ആംബുലൻസ്, പൊലീസ് എന്നിവർ യോജിച്ചുള്ള പ്രവർത്തനമാണ് നടത്തുന്നതെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

യുഎഇയിലെ മഴയും വെള്ളപ്പൊക്കവും കേരളത്തിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിച്ചു. തിരുവനന്തപുരം, കൊച്ചി രാജ്യാന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടേറെ സർവീസുകൾ റദ്ദാക്കി‌. മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയത് യാത്രക്കാരുടെ പ്രതിഷേധത്തിനു കാരണമായി. യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനസമയം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു. എയർലൈനുകളുടെ വെബ്സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും.

കനത്ത മഴയെ തുടർന്ന് യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. വീടുകളിൽനിന്നു പുറത്തിറങ്ങരുതെന്നാണ് നിർദേശം. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകി. വിദ്യാലയങ്ങൾക്ക് അവധിയാണ്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. ഒമാനിൽ മഴക്കെടുതിയിൽ മരണം 18 ആയി.

കഴിഞ്ഞ 75 വർഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചതെന്ന് യുഎഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അൽഐനിലെ ഖതം അശ്ശക് ലയിൽ മാത്രം 24 മണിക്കൂറിനിടെ 254.8 മില്ലിമീറ്റർ മഴ ലഭിച്ചു. ഇവിടെയാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്. 1949 മുതലാണ് രാജ്യത്ത് കാലാവസ്ഥ വിശദാംശങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയത്. ഇതിനുശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന മഴ ലഭിക്കുന്നത്. യുഎഇയുടെ കാലാവസ്ഥ ചരിത്രത്തിലെ അസാധാരണ സംഭവമാണ് ചൊവാഴ്ച തുടങ്ങിയ മഴ. അഭൂതപൂർവമായ മഴ രാജ്യത്തിന്റെ ഭൂഗർഭജലശേഖരത്തോത് വർധിപ്പിക്കുന്നതിനു വലിയതോതിൽ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

ഒരു വർഷം പെയ്യേണ്ട മഴയാണ് ചൊവ്വാഴ്ച മാത്രം യുഎഇയിൽ പെയ്തിറങ്ങിയത്: 24 മണിക്കൂറിൽ 254 മില്ലിമീറ്റർ. 75 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ മഴ. 200 മില്ലിമീറ്ററാണ് ഒരു വർഷം സാധാരണ ലഭിക്കാറുള്ളത്. പതിനായിരക്കണക്കിനു വാഹനങ്ങൾ വെള്ളം കയറി നശിച്ചു. റോഡുകളിലെ വെള്ളക്കെട്ട് മാറാത്തതിനാൽ ഓഫിസുകൾക്ക് വർക്ക് ഫ്രം ഹോമും സ്കൂളുകൾക്ക് ഓൺലൈൻ ക്ലാസുകളും അനുവദിച്ചു. എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ബസ് സർവീസ് പൂർണമായി നിർത്തിവച്ചു.

മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില ഫാമുകൾ വെള്ളത്തിലായി. ആയിരക്കണക്കിനു വളർത്തുമൃഗങ്ങൾക്കു ജീവൻ നഷ്ടപ്പെട്ടു. റോഡിലെ വെള്ളക്കെട്ടു നീക്കാൻ വലിയ പമ്പുകൾ ഉപയോഗിച്ചു വെള്ളം ടാങ്കറുകളിൽ ശേഖരിച്ചു മറ്റു സ്ഥലങ്ങളിലേക്കു മാറ്റുന്നത് 24 മണിക്കൂറും തുടരുന്നു. ചൊവ്വാഴ്ച നിർത്തിവച്ച വിമാന സർവീസുകൾ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് പുനരാരംഭിച്ചത്.

പെയ്ത്തുവെള്ളം ഒഴുകി പോകുന്നതിനുള്ള സൗകര്യം ഗൾഫ് രാജ്യങ്ങളിൽ കുറവാണ്. സമുദ്രനിരപ്പിനോടു ചേർന്നു കിടക്കുന്നതിനാൽ വലിയ ആഴത്തിൽ വെള്ളം ഒഴുക്കി വിടാൻ സാധിക്കില്ല. ഇത്തവണ മരുഭൂമിയിലെ ഉയർന്ന പ്രദേശങ്ങൾ പോലും വെള്ളത്തിലായത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. അടുത്ത 5 ദിവസത്തേക്കു മഴയ്ക്കു സാധ്യതയില്ലെന്നാണ് അറിയിപ്പ്. ഇന്നു മുതൽ താപനില വർധിക്കും.

ക്ലൗഡ് സീഡിങ് കാരണമായോ?

ന്യൂനമർദമാണ് ഗൾഫ് മേഖലയിലെ കനത്ത മഴയ്ക്കു കാരണം. അസ്ഥിര കാലാവസ്ഥയ്ക്കു കാരണമാകുന്ന 2 തരംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ രൂപപ്പെട്ടു. ഈ മേഘങ്ങളെ പെയ്യിക്കാൻ ‘ക്ലൗഡ് സിഡിങ്ങും’ നടന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ, ന്യൂനമർദം മൂലം മഴയുടെ അളവു വർധിക്കുമെന്നു സർക്കാർ മുന്നറിയിപ്പുണ്ടായിരുന്നു.

കടുത്ത ചൂടിൽ മരുഭൂമിയിലെ സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും വെള്ളം നൽകുക, ഭൂഗർഭജലം വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കൃത്രിമ മഴയെ (ക്ലൗഡ് സീഡിങ്) യുഎഇ ആശ്രയിച്ചു തുടങ്ങിയത്. പെയ്യാതെ പോകുന്ന മേഘങ്ങൾക്കു മേൽ രാസവസ്തു വിതറി ഘനീഭവിപ്പിച്ചു മഴയാക്കുന്ന രീതിയാണ് ക്ലൗഡ് സീഡിങ്. അനുയോജ്യമായ മേഘപാളികളിൽ, അന്തരീക്ഷത്തിൽനിന്ന് ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്ന രാസവസ്തുക്കളും ഉപ്പും ചേർത്ത മിശ്രിതം വിമാനങ്ങളിലെത്തിച്ച് വിതറുകയാണു ചെയ്യുക. ഈ മിശ്രിതം മേഘത്തിലെ ജലകണികകളെ ഘനീഭവിപ്പിക്കുമ്പോൾ മഴയായി പെയ്യും.

Post a Comment

Previous Post Next Post