‘കൊള്ളയടിക്കൽ’; മോദിയുടെ ഇലക്ടറൽ ബോണ്ടിനെ മലയാളത്തിൽ പരിഹസിച്ച് രാഹുൽ ഗാന്ധി

(www.kl14onlinenews.com)
(16-APR-2024)

‘കൊള്ളയടിക്കൽ’; മോദിയുടെ ഇലക്ടറൽ ബോണ്ടിനെ മലയാളത്തിൽ പരിഹസിച്ച് രാഹുൽ ഗാന്ധി
കോഴിക്കോട്: ഇലക്ടറൽ ബോണ്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി. മോദിയുടെ ഇലക്ടറൽ ബോണ്ടിനെ ‘കൊള്ളയടിക്കൽ’ എന്ന മലയാള പദം ഉപയോഗിച്ച് രാഹുൽ പരിഹസിച്ചു. കോഴിക്കോട് കൊടിയത്തൂരിൽ നടത്തിയ റോഡ് ഷോയിലായിരുന്നു രാഹുലിന്‍റെ പരാമർശം.

മലയാളത്തിൽ ‘കൊള്ളയടിക്കൽ’ എന്ന് നമ്മൾ വിളിക്കുന്നതിനെ മോദി ഇലക്ടറൽ ബോണ്ട് എന്ന് പറയുന്നു. ഒരു സാധാരണ മോഷ്ടാവ് നിരത്തുകളിൽ ചെയ്യുന്ന കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യാന്തര തലത്തിൽ ചെയ്യുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളമാണ് മുംബൈയിലേത്. മുംബൈ വിമാനത്താവളത്തിന്‍റെ ഉടമക്കെതിരെ വളരെ പെട്ടെന്ന് സി.ബി.ഐ അന്വേഷണം വരുന്നു. അന്വേഷണത്തിന് പിന്നാലെ സി.ബി.ഐ ഉടമയെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഒരു മാസത്തിനുള്ളിൽ വിമാനത്താവളം അദാനിക്ക് കൈമാറി. ഇങ്ങനെയാണ് അദാനി മുംബൈ വിമാനത്താവളം സ്വന്തമാക്കിയത്.

പണം നൽകിയില്ലെങ്കിൽ മുട്ട് തല്ലിയൊടിക്കുമെന്ന് പറയുന്ന ആളുകളെ നിരത്തുകളിൽ കാണാം. ഈ ഭീഷണിപ്പെടുത്തലിന്‍റെ പരിഷ്കരിച്ച രൂപമാണ് ഇലക്ടറൽ ബോണ്ടിലൂടെ മോദിയും കൂട്ടരും ചെയ്യുന്നത്. സി.ബി.ഐ, ഇ.ഡി, ആദായി നികുതി ഉദ്യോഗസ്ഥരെ വിട്ട് അന്വേഷണം നടത്തുമെന്ന് ഭീഷണിപ്പെടുത്തും. അന്വേഷണത്തെ പേടിക്കേണ്ടെന്നും പകരം എല്ലാം അദാനിക്ക് കൊടുക്കാനും പറയും

വലി‍യ വ്യവസായികൾക്ക് വലിയ വീട്, വലിയ കാർ എന്നിവ വേണം. നമ്മളെ പോലെയല്ല, അഞ്ച് മിനിട്ട് പോലും അസ്വസ്ഥമായി ഇരിക്കാൻ ഇത്തരക്കാർക്ക് സാധിക്കില്ല. ചെറിയ സമ്മർദം വരുമ്പോൾ തന്നെ ഉള്ളതെല്ലാം കൊടുത്ത് രക്ഷപ്പെടാൻ അവർ ശ്രമിക്കും. അങ്ങനെയാണ് രാജ്യത്തെ ഏറ്റവും വലിയ കൊള്ളയടിക്കൽ പദ്ധതിയായി ഇലക്ടറൽ ബോണ്ട് മാറുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

മാധ്യമങ്ങൾ ഇലക്ടറൽ ബോണ്ടിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഇലക്ടറൽ ബോണ്ട് സംബന്ധിച്ച് ഒരു ലേഖനം എഴുതിയാൽ സി.ബി.ഐയും ഇ.ഡിയും മാധ്യമപ്രവർത്തകരുടെ വീട്ടിലെത്തും. ഇതാണ് രാജ്യത്തെ ഇന്നത്തെ സാഹചര്യമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Post a Comment

Previous Post Next Post