സമയം കഴിഞ്ഞെത്തിയവരെയും വോട്ട് ചെയ്യാൻ അനുവദിച്ചു; നാദാപുരത്ത് പ്രിസൈഡിങ് ഓഫീസറെ ഉപരോധിച്ച് എൽഡിഎഫ് പ്രതിഷേധം

(www.kl14onlinenews.com)
(26-APR-2024)

സമയം കഴിഞ്ഞെത്തിയവരെയും വോട്ട് ചെയ്യാൻ അനുവദിച്ചു; നാദാപുരത്ത് പ്രിസൈഡിങ് ഓഫീസറെ ഉപരോധിച്ച് എൽഡിഎഫ് പ്രതിഷേധം
കോഴിക്കോട്: നാദാപുരം വാണിമേലിൽ പ്രിസൈഡിങ് ഓഫീസറെ ഉപരോധിച്ച് എൽഡിഎഫ് പ്രതിഷേധം. സമയം കഴിഞ്ഞ് എത്തിയവരെയും വോട്ട് ചെയ്യാൻ അനുവദിച്ചുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.

ക്രസൻ്റ് ഹൈസ്കൂളിലെ 84 നമ്പർ ബൂത്തിൽ വോട്ടിങ് പൂർത്തിയാക്കിയെന്നറിയിച്ച ശേഷം ടോക്കണുമായി എത്തിയവരെ വോട്ട് ചെയ്യാൻ അനുവദിച്ചെന്നാണ് പരാതി. നേരത്തെ ബൂത്തിൽ ഉണ്ടായിരുന്നവർ ടോക്കൺ അധികമായി വാങ്ങി പിന്നീടെത്തിയവർക്ക് നൽകിയെന്നാണ് ഉയരുന്ന ആരോപണം. ഇങ്ങനെ ടോക്കണുമായി എത്തിയവർ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ബന്ദിയാക്കി വോട്ട് ചെയ്തെന്ന് കാണിച്ച് എൽഡിഎഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.
അതേസമയം 
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സിനിമാ താരങ്ങൾ, സാംസ്ക്കാരിക പ്രവർത്തകർ എന്നിവരെല്ലാം തന്നെ രാവിലെ മുതൽ വിവിധ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പടുത്തി. കേരളത്തിൽ ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് പിണറായി വിജയനും സംസ്ഥാനത്തെ 20 സീറ്റുകളും യുഡിഎഫ് നേടുമെന്ന് വി.ഡി സതീശനും തിരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ചു.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ തിരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് പരാതിയും ഉയർന്നു. 16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളില്‍ നിന്നായി ഉയർന്നിരിക്കുന്നത്. പത്തനംതിട്ടയിലാണ് ഏറ്റവുമധികം പരാതി ലഭിച്ചിരിക്കുന്നത്. മണ്ഡലത്തിൽ മാത്രം ഏഴ് കള്ളവോട്ട് പരാതികളാണ് ഉണ്ടായത്. ഇടുക്കിയിൽ ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ചത് രണ്ട് പേരെ പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടി.

തിരഞ്ഞെടുപ്പിനിടെ പത്തനാപുരത്ത് എല്‍ഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകർ തമ്മില്‍ സംഘർഷമുണ്ടായി. വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കാസർഗോഡ് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്റെ വാഹനം സിപിഎം പ്രവർത്തകർ തടഞ്ഞത് നേരിയ സംഘർഷത്തിന് കാരണമായി. എറണാകുളത്ത് പോളിങ്ങിനിടെ സിപിഎം-ട്വന്റി ട്വന്റി പ്രവർത്തകർ തമ്മിലും സംഘർഷമുണ്ടായി. ഇത്തരത്തിൽ ചില ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ പൊതുവേ സമാധാനപരമായാണ് സംസ്ഥാനത്താകെ തിരഞ്ഞെടുപ്പ് നടന്നത്. 

വിവധ മണ്ഡലങ്ങളിലെ പോളിങ് ശതമാനം (അന്തിമമല്ല)

1. തിരുവനന്തപുരം-66.43

2. ആറ്റിങ്ങല്‍-69.40

3. കൊല്ലം-67.92

4. പത്തനംതിട്ട-63.35

5. മാവേലിക്കര-65.88

6. ആലപ്പുഴ-74.37

7. കോട്ടയം-65.59

8. ഇടുക്കി-66.39

9. എറണാകുളം-68.10

10. ചാലക്കുടി-71.68

11. തൃശൂര്‍-72.11

12. പാലക്കാട്-72.68

13. ആലത്തൂര്‍-72.66

14. പൊന്നാനി-67.93

15. മലപ്പുറം-71.68

16. കോഴിക്കോട്-73.34

17. വയനാട്-72.85

18. വടകര-73.36

19. കണ്ണൂര്‍-75.74

20. കാസര്‍ഗോഡ്-74.28

Post a Comment

Previous Post Next Post