പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പറയാന്‍ പിണറായി മടിക്കുന്നു’; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

(www.kl14onlinenews.com)
(15-APR-2024)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പറയാന്‍ പിണറായി മടിക്കുന്നു; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
കോഴിക്കോട്: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പറയാന്‍ പിണറായി മടിക്കുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു. ഇടവേളകളില്ലാതെ താന്‍ സംഘപരിവാര്‍ ആശയങ്ങളെ കടന്നാക്രമിച്ചെന്നും പാര്‍ലമെന്റില്‍ നിന്ന് തന്റെ പ്രസംഗം നീക്കം ചെയ്‌തെന്നും രാഹുല്‍ ചൂണ്ടികാട്ടി. മണിക്കൂറുകളോളം തന്നെ ഇ ഡി ചോദ്യം ചെയ്തു. അവര്‍ എന്റെ വീട് തിരിച്ചെടുത്തു. എന്നാലും ഞാന്‍ സംഘപരിവാറിനെ ആക്രമിക്കുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

ഇത്രത്തോളം തന്നെ ആക്രമിച്ച ബി ജെ പി സര്‍ക്കാര്‍ എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിയെ ആക്രമിക്കാത്തതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ പോകാത്തതെന്നും സി പി എം – ബി ജെ പി ബന്ധം സൂചിപ്പിച്ച് രാഹുല്‍ പറഞ്ഞു. രാജ്യത്തെ 2 മുഖ്യമന്ത്രിമാര്‍ ജയിലില്‍ പോയിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ ബി ജെ പി സര്‍ക്കാര്‍ തൊട്ടിട്ടില്ലെന്നും രാഹുല്‍ ചൂണ്ടികാട്ടി.

അതേസമയം തന്നെ രാഹുല്‍ കേരളത്തെ വാനോളം പുകഴ്ത്തിയാണ് സംസാരിച്ചത്. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് കേരളീയര്‍ എന്നെ പലതും പഠിപ്പിച്ചു. കേരളത്തിന് തനതായ സംസ്‌കാരം ഉണ്ട്. ഇന്ത്യയുടെ അതിരുകള്‍ക്ക് ഉള്ളിലും പുറത്തും മലയാളികള്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നു. കേരളം വിഭജിക്കപ്പെടണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല് അവര്‍ക്കുള്ള മറുപടി കേരളം നിശ്ശബ്ദമായി തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. അബ്ദുല്‍ റഹീമിന്റെ മോചന ശ്രമങ്ങള്‍ എടുത്ത് പറഞ്ഞാണ് രാഹുല്‍ കേരളത്തെ വാഴ്ത്തിയത്. അക്കാര്യത്തില്‍ കേരളം ഒറ്റക്കെട്ടായി കൂടെ നിന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തെ കേരളം ഒറ്റപ്പെടുത്തി. ഒരു രാജ്യം ഒരു നേതാവ് ഒരു ഭാഷ എന്ന് പറയുന്നവര്‍ സമൂഹത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തിന്റെ സ്വഭാവ സവിശേഷത മനസ്സിലാക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. വൈവിധ്യം രാജ്യത്തിന്റെ കരുത്ത് ആണെന്ന് അദ്ദേഹത്തിന് തിരിച്ചറിയാന്‍ ആകുന്നില്ല. അദ്ദേഹത്തിന് അധികാരം മാത്രമാണ് ലക്ഷ്യമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ ബി ജെ പിയും പ്രധാനമന്ത്രിയും പരമാവധി ശ്രമിച്ചെന്നും രാഹുല്‍ പറഞ്ഞു. ബി ജെ പിക്ക് പണം കൊടുത്ത കമ്പനികള്‍ക്ക് നിരവധി കേന്ദ്ര പദ്ധതികള്‍ ലഭിച്ചു. ലോകം കണ്ട ഏറ്റവും വലിയ തീവെട്ടി കൊള്ളയാണ് ഇലക്ടറല്‍ ബോണ്ടെന്നും അത് പ്രധാനമന്ത്രി നേതൃത്വം നല്‍കിയ കൊള്ളയാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിലൂടെ 24 വര്‍ഷം നല്‍കേണ്ട കൂലിയാണ് കോര്‍പറേറ്റുകളുടെ ബാങ്ക് വായ്പ ആയി എഴുതി തള്ളിയത്. രാജ്യത്ത് കുറച്ച് അതി സമ്പന്നരെ സൃഷ്ടിച്ചത് മാത്രമാണ് മോദിയുടെ നേട്ടമെന്നും രാഹുല്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ സ്ത്രീ ശാക്തീകരണം സാധ്യമാക്കുമെന്നും പ്രകടന പത്രിക വാഗ്ദാനങ്ങള്‍ വിശദീകരിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു

Post a Comment

Previous Post Next Post