കല്ലേറിന് പിന്നാലെ തിരഞ്ഞെടുപ്പ് പര്യടനം നിർത്തിവെച്ച് ജഗൻമോഹൻ റെഡ്ഡി; മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടും

(www.kl14onlinenews.com)
(14-APR-2024)

കല്ലേറിന് പിന്നാലെ തിരഞ്ഞെടുപ്പ് പര്യടനം നിർത്തിവെച്ച് ജഗൻമോഹൻ റെഡ്ഡി; മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടും


വിജയവാഡ: ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായുള്ള പ്രചാരണം ഒരു ദിവസത്തേക്ക് നിർത്തിവെച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി. ശനിയാഴ്ച്ച രാത്രിയിൽ ജഗന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് പര്യടനം തൽക്കാലത്തേക്ക് നിർത്തിവെക്കാനുള്ള വൈഎസ്ആർ കോൺഗ്രസിന്റെ തീരുമാനം. ശനിയാഴ്ച രാത്രി, മുഖ്യമന്ത്രിയുടെ ബസ് പര്യടനം - 'മേമന്ത സിദ്ധാം (ഞങ്ങൾ തയ്യാറാണ്)' - വിജയവാഡയിലെ സിംഗ്‌നഗർ പ്രദേശത്ത് എത്തിയപ്പോൾ ജഗന് നേരെ കല്ലേറുണ്ടാവുകയായിരുന്നു.

കല്ലേറിൽ പരിക്കേറ്റതിനെ തുടർന്നാണ് ജഗൻ മോഹൻ റെഡ്ഡി സംസ്ഥാന വ്യാപകമായുള്ള ബസ് യാത്രയിൽ നിന്ന് ഞായറാഴ്ച വിട്ടുനിൽക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. ഒപ്പം വരും ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതൽ കർശനമാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. അതേ സമയം കല്ലേറിന് പിന്നിലാരാണെന്ന് ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഒന്നിലധികം പോലീസ് സംഘങ്ങളെ അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിജയവാഡ പോലീസ് അറിയിച്ചു.

ബസിനു മുകളിൽ നിന്ന ജഗന് നേരെയാണ് കല്ലേറുണ്ടായത്. വിവേകാനന്ദ സ്‌കൂളിന് സമീപമായിരുന്നു സംഭവം. മുഖ്യമന്ത്രിക്കൊപ്പം നിന്ന വിജയവാഡ ഈസ്റ്റ് എംഎൽഎ വെള്ളമ്പള്ളി ശ്രീനിവാസ് റാവുവിനും ആക്രമണത്തിൽ പരിക്കേറ്റു.

ഇടതു പുരികത്തിന് മുകളിൽ മുറിവേറ്റ ജഗനെയും എംഎൽഎ റാവുവിനെയും വിജയവാഡ സർക്കാർ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകുകയും സ്റ്റിച്ചിടുകും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പിന്നീട് ഏകദേശം മൂന്ന് മണിക്കൂർ കൂടി ബസ് യാത്ര തുടർന്നു. ജഗൻ ഞായറാഴ്ച വിജയവാഡയിലെ കേസരപള്ളിയിൽ വിശ്രമിക്കുമെന്നും തിങ്കളാഴ്ച രാവിലെ യാത്ര പുനരാരംഭിക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. മെയ് 13 നാണ് ആന്ധ്രാപ്രദേശിൽ ലോക്‌സഭാ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുക. ഇതിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ 21 ദിവസത്തെ പ്രചാരണ പര്യടനം.

തെലുങ്ക് ദേശം പാർട്ടി (ടിഡിപി) അനുഭാവികളാണ് ആക്രമണത്തിന് പിന്നിലെന്ന് വൈഎസ്ആർസിപി നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരായ ഈ ഭീരുത്വം നിറഞ്ഞ പ്രവർത്തി തികച്ചും അപലപനീയമാണെന്നും കുറ്റക്കാർ ആരായാലും കടുത്ത നടപടിയുണ്ടാവുമെന്നും വൈഎസ്ആർസിപി ജനറൽ സെക്രട്ടറി സജ്ജല രാമകൃഷ്ണ റെഡ്ഡി പറഞ്ഞു.

Post a Comment

Previous Post Next Post