(www.kl14onlinenews.com)
(24-APR-2024)
വീട്ടിലെ വോട്ട് നാളെ കൂടി; സംസ്ഥാനത്ത് 1800 ലേറെ പ്രശ്ന സാധ്യതാ ബൂത്തുകള്‍; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍
തിരുവനന്തപുരം :
സംസ്ഥാനത്ത് 1800 ഓളം പ്രശ്നസാധ്യതാ ബൂത്തുകളുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണ്ടെത്തല്‍. ഏഴുജില്ലകളിലെ എല്ലാ ബൂത്തില്‍ നിന്നും വെബ്കാസ്റ്റിങിന് നിര്‍ദേശം നല്‍കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. ഇരട്ടവോട്ടെന്ന പരാതി ഏറെയും തെറ്റായ വിവരങ്ങളാണ്. സംസ്ഥാന പൊലീസും കേന്ദ്രസേനയും വോട്ടെടുപ്പിന് സുരക്ഷയൊരുക്കും. വീട്ടിലെ വോട്ടിന് ഇന്നു കൂടി സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. 1.42 ലക്ഷം പേരാണ് വീട്ടിലെ വോട്ട് സൗകര്യം ഇതുവരെ സംസ്ഥാനത്ത് ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ചയാണ് കേരളം പോളിങ് ബൂത്തിലെത്തുക. വോട്ടെടുപ്പിനായുള്ള തയാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായി. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ആറുമണി വരെ വോട്ട് ചെയ്യാം. തിരിച്ചറിയല്‍ കാര്‍ഡും സ്ലിപുമായി ബൂത്തിലെത്തണം. ആകെ 25229 ബൂത്തുകളാണുള്ളത്. 2,70,99,326 വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2,09,661 പരാതികളാണ് ഇതുവരെ സി–വിജില്‍ ആപ്പുവഴി ലഭിച്ചത്. വ്യാജ പ്രചരണം നടത്തിയ സംഭവങ്ങളില്‍ 12 കേസുകള്‍ സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് ഫോണിലും ഓണ്‍ലൈനിലും പരിശോധിക്കാം. eci.gov.in എന്ന വെബ്സൈറ്റിലും വിവരം ലഭിക്കും.
അതേസമയം
ചൂടിനെ പ്രതിരോധിക്കാന്‍ പോളിംഗ് ബൂത്തുകളില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ കാത്തിരിക്കാന്‍ തണല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേകം ക്യൂ, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ വീല്‍ ചെയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ എന്നിവയുണ്ടാകുമെന്നും സഞ്ജയ് കൗള്‍ വ്യക്തമാക്കി.
ഇത് ജനാധിപത്യത്തിന്‍റെ ഉത്സവമാണ്. 2024 ഏപ്രില്‍ 26-ന് കേരളം പോളിംഗ് ബൂത്തിലെത്തുകയാണ്. 25,229 വോട്ടിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ചൂടിനെ പ്രതിരോധിക്കാന്‍ സംവിധാനങ്ങള്‍ പോളിംഗ് ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ കാത്തിരിക്കാന്‍ തണല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മഴ പെയ്‌താലും വോട്ടര്‍മാര്‍ ബുദ്ധിമുട്ടേണ്ടിവരില്ല. ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേകം ക്യൂ, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ വീല്‍ ചെയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ എന്നിവയുണ്ടാകും. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ 13 തിരിച്ചറിയല്‍ രേഖകള്‍ വഴി വോട്ട് രേഖപ്പെടുത്താം. വോട്ട് ചെയ്‌ത് എല്ലാവരും ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തണം', സഞ്ജയ് കൗള്‍ ഐഎഎസ് പറഞ്ഞു.
വോട്ടര്‍ ഐ ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എം എന്‍ ആര്‍ ഇ ജി എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്), ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍, തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ് എന്നിവ വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡ് ആയി ഉപയോഗിക്കാം.
ഇത് കൂടാതെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ, കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡി കാര്‍ഡ്, പാര്‍ലമെന്റ്റ് അംഗങ്ങള്‍ / നിയമസഭകളിലെ അംഗങ്ങള്‍ / ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു ഡി ഐ ഡി കാര്‍ഡ്) എന്നിവയും ഉപയോഗിക്കാം.
Post a Comment