18 മണിക്കൂര്‍ നീണ്ട പരിശ്രമം വിജയം; വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരനെ രക്ഷിച്ചു

(www.kl14onlinenews.com)
(04-APR-2024)

18 മണിക്കൂര്‍ നീണ്ട പരിശ്രമം വിജയം;
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണ രണ്ട് വയസ്സുകാരനെ രക്ഷിച്ചു
ബംഗളൂരു: കർണാടകയിലെ വിജയപുരി ജില്ലയിലെ ലച്യാന ഗ്രാമത്തിൽ കുഴൽകിണറിൽ വീണ രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി. സാത്വിക് എന്ന കുട്ടിയെയാണ് 18 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചത്. കുട്ടിയെ ചികിത്സക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന സ്വാതിക് അടപ്പില്ലാത്ത കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു. കൃഷി ആവശ്യത്തിനായി കുട്ടിയുടെ പിതാവ് സതീഷ് മുജഗോന്ദ് തന്റെ നാലേക്കർ സ്ഥലത്ത് നിർമിച്ച കുഴൽക്കിണറിലാണ് കുട്ടി വീണത്.
തുടർന്ന് പൊലീസ്, അഗ്നിരക്ഷസേന, താലൂക്ക് അധികൃതർ, പഞ്ചായത്ത് അംഗങ്ങൾ, അത്യാഹിത വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ആവശ്യമായ ഓക്സിജൻ എത്തിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചു. 18മണിക്കൂറിന് ശേഷം രക്ഷാപ്രവർത്തനം ഫലം കാണുകയായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് കുഴല്‍ക്കിണര്‍ കുത്തിയത്. 280 അടി കുഴിച്ചിട്ടും വെള്ളം കിട്ടാതെ വന്നതോടെ ഡ്രില്ലിങ് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ കുഴല്‍ക്കിണര്‍ മൂടാന്‍ മറന്നുപോയതാണ് അപകടത്തിന് കാരണമായത്. കുഴല്‍ക്കിണറിന് സമാന്തരമായി 21 അടി താഴ്ചയില്‍ കുഴിയെടുത്താണ് രക്ഷാപ്രവര്‍ത്തകര്‍ കുട്ടിക്ക് അരികില്‍ എത്തിയത്. എക്‌സ്‌കവേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് കുഴി കുഴിച്ചത്. അതിനിടെ കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. കുട്ടിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Post a Comment

أحدث أقدم