വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; ഇന്നലെ 11 കോടി യൂണിറ്റ്

(www.kl14onlinenews.com)
(09-APR-2024)

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; ഇന്നലെ 11 കോടി യൂണിറ്റ്
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി പ്രതിദിന വൈദ്യുതി ഉപഭോഗം പതിനൊന്ന് കോടി യൂണിറ്റ് മറികടന്നു. ഇന്നലെ കേരളം ഉപയോഗിച്ചത് 11.01 കോടിയൂണിറ്റ് വൈദ്യുതിയാണ്. അതായത് 110. 10 ദശലക്ഷം യൂണിറ്റ്. വൈദ്യുതി ആവശ്യകത 5487 മെഗാവാട്ടായി ഉയര്‍ന്നു. ശനിയാഴ്ച രേഖപ്പെടുത്തിയ 10.82 കോടിയൂണിറ്റ് എന്ന റെക്കോര്‍ഡാണ് മറികടന്നത്. ഞായറാഴ്ച പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5412 മെഗാവാട്ട് ആയിരുന്നു. അതും ഇന്നലെ മറികടന്നു. കൊടിയ ചൂട്, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഗണ്യമായി വൈദ്യുതി ഉപഭോഗം കൂട്ടുന്നത്. ഈമാസം അവധി ദിനങ്ങള്‍ ഉള്‍പ്പടെ എല്ലാദിവസവും വൈദ്യുതി ഉപയോഗം നൂറ് ദശലക്ഷം യൂണിറ്റിന് മുകളിലാണ്

ആറാം തീയതി രേഖപ്പെടുത്തിയ 10.82 കോടി യൂണിറ്റായിരുന്നു മുന്‍ റെക്കോര്‍ഡ്. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സര്‍വ്വകാല റെക്കോര്‍ഡ് പിന്നിട്ടു. ഇന്നലെ 5487 മെഗാവാട്ടായിരുന്നു പീക്ക് സമയ ആവശ്യകത. ഉപയോഗത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തുന്നതോടെ വൈദ്യുതി വിതരണ ശൃംഖല താറുമാറാകുമോ എന്ന ആശങ്കയിലാണ് കെഎസ്ഇബി.

വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥനയുമായി കെഎസ്ഇബി രംഗത്തെത്തിയിരുന്നു. വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ സഹകരിക്കണം. ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടി. രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതും ഉപയോഗം കൂടാന്‍ കാരണമായി. വൈകീട്ട് ആറ് മുതല്‍ 11 വരെയുള്ള സമയത്ത് ഉപയോഗം പരമാവധി കുറയ്ക്കണം. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളില്‍ മാത്രമായി ചുരുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു

Post a Comment

أحدث أقدم