മൂവാറ്റുപുഴയിലെ അതിഥി തൊഴിലാളിയുടേത് ആൾക്കൂട്ട കൊല; 10 പേർ പിടിയിൽ

(www.kl14onlinenews.com)
(06-APR-2024)

മൂവാറ്റുപുഴയിലെ അതിഥി തൊഴിലാളിയുടേത് ആൾക്കൂട്ട കൊല; 10 പേർ പിടിയിൽ
മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളി കൊല്ലപ്പെട്ടത് ആൾക്കൂട്ട വിചാരണയെ തുടർന്നെന്ന് പൊലീസ്. പെൺസുഹൃത്തിനെ കാണാനെത്തിയ അരുണാചല്‍ സ്വദേശിയായ അശോക് ദാസാണ് ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് മരിച്ചത് . അശോക് ദാസിന്റെ മരണം ആൾക്കൂട്ട മർദ്ദനത്തെ തുടർന്നാണെന്ന് സ്ഥിരീകരിച്ച പൊലീസ് 10 പേരെ അറസ്റ്റ് ചെയ്തു.

തലക്കും നെഞ്ചിനുമേറ്റ ഗുരുതരമായ പരിക്കുകളാണ് ഇയാളുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. പെൺസുഹൃത്തിനെ കാണാനെത്തിയപ്പോൾ ഇത് ചോദ്യം ചെയ്തുകൊണ്ട് ഒരു കൂട്ടം ആളുകൾ അശോക് ദാസിനെ വളയുകയായിരുന്നു. തുടർന്ന് ഇയാൾ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ആൾക്കൂട്ടം പിടികൂടി തൂണിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.

വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. കേസിൽ കൂടുതൽ പ്രതികളുണ്ടാവാൻ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.

തിരികെ പോകുന്നതിനിടെ അശോക് ദാസിന്റെ കൈകളിൽ രക്തം കണ്ടുവെന്നും ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കം മർദനത്തിൽ കലാശിച്ചുവെന്നുമാണ് പ്രതികളുടെ മൊഴി. മർദനമേറ്റ് അവശനിലയിലായ അശോക് ദാസിനെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. തലയിലും നെഞ്ചിലുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Post a Comment

أحدث أقدم