(www.kl14onlinenews.com)
(30-MAR-2024)
വെന്തുരുകി പാലക്കാട്. ജില്ലയിൽ ചൂട് 43 ഡിഗ്രി കടന്നു. ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണ് ഇത്. ആലത്തൂർ എരിമായൂർ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലാണ് ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ചൂട് 43.1 ഡിഗ്രി രേഖപ്പെടുത്തിയത്. ഈ വർഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയാണിത്.
കേരളം ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് ബുധനാഴ്ച വരെ ചൂട് കൂടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത.
സംസ്ഥാനത്തെ ഉയർന്ന താപനില ശരാശരി 37.5 ഡിഗ്രി സെൽഷ്യസിന് മുകളിൽ എത്തിയതും പൊള്ളുന്ന ചൂടിന്റെ തെളിവാണ്. സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ പാലക്കാട് രേഖപ്പെടുത്തി, 40 °C ചൂട്. 2019നു ശേഷം ആദ്യമായാണ് മാർച്ച് മാസത്തിൽ 40 °C ചൂട് രേഖപ്പെടുത്തുന്നത്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട വേനൽ മഴ ലഭിക്കാനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലാണ് വേനൽ മഴയ്ക്ക് സാധ്യത. കേരള തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ ഉയർന്ന് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം
Post a Comment