വന്യജീവി ആക്രമണം; കോഴിക്കോടും തൃശൂരും പ്രതിഷേധം,ഹർത്താൽ

(www.kl14onlinenews.com)
(05-MAR-2024)

വന്യജീവി ആക്രമണം; കോഴിക്കോടും തൃശൂരും പ്രതിഷേധം,ഹർത്താൽ
വന്യജീവി ആക്രമണത്തിൽ രണ്ടു പേരുടെ മരണത്തെ തുടർന്ന് കോഴിക്കോടും തൃശൂരും പ്രതിഷേധം. കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ അബ്രഹാമും തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വത്സയുമാണ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും രംഗത്തെത്തി.

കോഴിക്കോട് അബ്രഹാമിന്റെ മൃതദേഹവുമായി പുറത്തേക്ക് വന്ന ആംബുലൻസ് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. കർഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ജില്ലാ കളക്ടർ ഉത്തരവിടണം, മതിയായ നഷ്ടപരിഹാരം നൽകണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.
ചാലക്കുടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ സംഘർഷാവസ്ഥയുണ്ടായി. ആശുപത്രിക്ക് മുന്നിൽ പൊലീസും നാട്ടുകാരുമായി ഉന്തും തള്ളും ഉണ്ടായി. വത്സയുടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റാനുള്ള നീക്കം എംഎൽഎലയുടെ നേതൃത്വത്തിൽ തടഞ്ഞു.

കാട്ടുപോത്ത് ആക്രമണത്തില്‍ കക്കയത്ത് കര്‍ഷകൻ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തില്‍ നാളെ യുഡിഎഫും എല്‍ഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആതിരപ്പിള്ളിയില്‍ നാളെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കരിദിനമായി ആചരിക്കും. കടകള്‍ അടച്ചിട്ടായിരിക്കും കരിദിനം ആചരിക്കുക.

Post a Comment

Previous Post Next Post