സെര്‍വര്‍ തകരാര്‍; റേഷന്‍ മസ്റ്ററിങ് ഭാഗികമായി നിര്‍ത്തി; പരിഹരിക്കുമെന്ന് മന്ത്രി 2

(www.kl14onlinenews.com)
(15-MAR-2024)

സെര്‍വര്‍ തകരാര്‍; റേഷന്‍ മസ്റ്ററിങ് ഭാഗികമായി നിര്‍ത്തി; പരിഹരിക്കുമെന്ന് മന്ത്രി
സംസ്ഥാനത്ത് മുൻഗണന കാർഡുകളുടെ റേഷൻ മസ്റ്ററിങ് മുടങ്ങി. സെർവർ തകരാറിനെ തുടർന്ന് മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ അംഗങ്ങളുടെ ഇ-കെ.വൈ.സി ആണ് മുടങ്ങിയത്. മഞ്ഞ കാർഡുടമകൾ ഇന്ന് മസ്‌റ്ററിങ് നടത്തണമെന്നും, പിങ്ക് കാർഡുകാർ മടങ്ങണമെന്നും അവർക്ക് പിന്നീട് ക്രമീകരണമുണ്ടാക്കുമെന്നും മന്ത്രി ജി.ആർ.അനിൽ വ്യക്‌തമാക്കി.

രാവിലെ എട്ടുമണി മുതൽ മുൻഗണന കാർഡുകളുടെ റേഷൻ മസ്റ്ററിങ് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നേരത്തെ തന്നെ ആളുകൾ എത്തിയിരുന്നു. എന്നാൽ സാങ്കേതിക തകരാർ വില്ലനായി. ഇതോടെ മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വന്നു.

ഇന്നും നാളെയും മറ്റന്നാളും റേഷൻ വിതരണം നിർത്തിവച്ച് മസ്റ്ററിങ് നടത്താനായിരുന്നു തീരുമാനം. മസ്റ്ററിങിനൊപ്പം ഏതാനും കടയുടമകൾ റേഷൻ വിതരണം കൂടി നടത്തിയതാണ് പ്രശ്നമായതെന്നാണ് ഭക്ഷ്യമന്ത്രിയുടെ വിശദീകരണം. ഇന്ന് മസ്റ്ററിംഗ് നടത്താൻ സാധിക്കാത്തതോടെ ഇതിനുവേണ്ടി മറ്റൊരു ദിവസം കൂടി മാറ്റിവയ്ക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് റേഷൻ കടയുടമകൾ. വിതരണം മാറ്റിവെച്ചതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും, മാർച്ച് മാസത്തെ റേഷൻ ആവശ്യമെങ്കിൽ ഏപ്രിൽ ആദ്യ ആഴ്ചയിലും വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post