കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ

(www.kl14onlinenews.com)
(26-MAR-2024)

കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ
കേരള–ഗൾഫ് യാത്രാ കപ്പൽ സർവീസ് നടത്താൻ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത് നാല് കമ്പനികൾ. കേരളത്തിലെ തുറമുഖങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്താൻ രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ജെഎം ബക്സി, സിത ട്രാവൽ കോർപറേഷൻ ഇന്ത്യ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കമ്പനി ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ്, തിരുവനന്തപുരത്തുള്ള ഗാങ്‌വെ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് എന്നിവയാണ് താൽപര്യം അറിയിച്ച് രംഗത്തെത്തിയ കമ്പനികൾ. ഏപ്രിൽ 22 വരെ അപേക്ഷകൾ നൽകാവുന്നതാണ്. ഇനിയും കൂടുതൽ കമ്പനികൾ താൽപര്യം അറിയിക്കുമെന്നാണ് പ്രതീക്ഷയെന്ന് മാരിടൈം ബോർഡ് വ്യക്തമാക്കി.

വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ നിന്നു ഗൾഫിലേക്ക് കപ്പൽ സർവീസ് നടത്താൻ താത്പര്യമുള്ള കമ്പനികളിൽ നിന്നു കേരള മാരിടൈം ബോർഡ് ഈ മാസം ആദ്യം താൽപര്യപത്രം ക്ഷണിച്ചിരുന്നു. ഹൈബ്രിഡ് മാതൃകയിലുള്ള ചെറുതോ വലുതോ ആയ കപ്പലുകൾ സർവീസ് നടത്താൻ കഴിയുന്ന കമ്പനികളിൽ നിന്നാണ് ബോർഡ് അപേക്ഷ ക്ഷണിച്ചത്. ഇതിന്റെ ഭാഗമായാണ് ഈ കമ്പനികൾ ബോർഡിനെ അവരുടെ താൽപര്യം അറിയിച്ചത്.

ഇനിയും താത്പര്യവുമായി മുന്നോട്ടുവരുന്ന കമ്പനികളുമായി മാരിടൈം ബോർഡ് വിശദമായ ചർച്ചകൾ നടത്തും. അവർക്കാവശ്യമായ സർവീസ് ഒരുക്കിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഓഫ് സീസൺ സമയങ്ങളിൽ യാത്രക്കാർ കുറഞ്ഞാൽ സർവീസ് പ്രതിസന്ധിയിലാകാനുള്ള സാധ്യതയുമുണ്ട്. ഇവ പരിഹരിക്കാനുള്ള ചർച്ചകളും നടത്തും. പ്രായോഗിക രീതിയിലുള്ള ധാരണകൾ രൂപപ്പെടുത്തിയ ശേഷമാകും ബോർഡ് പദ്ധതി അന്തിമമാക്കുക. കപ്പൽ യാത്ര പ്രവാസികൾക്ക് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. വിമാനയാത്രയുടെ പകുതി നിരക്കു പോലും യാത്രാക്കപ്പലിനാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കേരള മാരിടൈമിന്റെ നേതൃത്വത്തിൽ നാളെ കൊച്ചിയിൽ കപ്പൽ യാത്രയുടെ സാധ്യതകൾ പരിശോധിക്കാനുള്ള ആദ്യഘട്ട ചർച്ച നടക്കും. വിവിധ കപ്പൽ കമ്പനികളുമായാണ് ചർച്ചകൾ നടക്കുക. ബോർഡ് ചെയർമാൻ എൻ എസ് പിള്ള, ഉന്നത ഉദ്യോഗസ്ഥർ, പോർട്ട് ഓഫിസർമാർ, കൊച്ചിൻ ഷിപ്‌യാഡ്, ടൂറിസം വകുപ്പ് പ്രതിനിധികൾ, കപ്പൽ കമ്പനികൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

Post a Comment

Previous Post Next Post