(www.kl14onlinenews.com)
(18-MAR-2024)
കേരളത്തി ഏപ്രിൽ 26-ന് നിശ്ചയിച്ചിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് തീയതിയിൽ മാറ്റംവരുത്തണണെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടനകൾ രംഗത്ത്. വെള്ളിയാഴ്ച ജുമുഅ ദിവസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും (IUML) കേരളത്തിലെ മറ്റ് മുസ്ലീം സംഘടനകളും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചത്.
കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടത്തുന്നത് വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പോളിംഗ് ഏജൻ്റുമാർക്കും അസൗകര്യമുണ്ടാക്കുമെന്ന് ഐയുഎംഎൽ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു.
"വെള്ളിയാഴ്‌ച ജുമുഅയാണ്, മുസ്ലീങ്ങൾ പള്ളികളിൽ ഒത്തുകൂടുന്ന ദിവസമാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ഈ ദിവസം വോട്ട് ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. ഇത് ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.
IUML കൂടാതെ, കേരളത്തിലെ പ്രമുഖ മുസ്ലീം സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും വെള്ളിയാഴ്ച വോട്ടെടുപ്പ് വോട്ടർമാർക്കും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും വെല്ലുവിളിയാകുമെന്നും വോട്ടർമാരുടെ പോളിംഗിനെ ബാധിക്കുമെന്നും ആശങ്ക പ്രകടിപ്പിച്ചു.
ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും നിർബന്ധമായും അനുഷ്ഠിക്കേണ്ട ആരാധനയാണ് ജുമുഅയെന്ന് സമസ്ത പ്രസ്താവനയിൽ പറഞ്ഞു.
ഏപ്രിൽ 26ന് നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനാ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ, ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസലിയാർ എന്നിവർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായി നടക്കുമെന്ന് ശനിയാഴ്ച നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. ജൂൺ നാലിനാണ് ഫലം പ്രഖ്യാപിക്കുന്നത്
Post a Comment