എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷ; കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ

(www.kl14onlinenews.com)
(29-MAR-2024)

എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷ; കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ
ന്യൂഡൽഹി: യുഎസിനും ജർമ്മനിക്കും പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ. ഇന്ത്യയിൽ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ഐക്യരാഷ്ട്രസഭയുടെ വക്താവ് പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് സംവിധാനമുള്ള മറ്റേതൊരു രാജ്യത്തെയും പോലെ ഇന്ത്യയിലും രാഷ്ട്രീയവും പൗരാവകാശങ്ങളും ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തിൽ എല്ലാവർക്കും വോട്ടുചെയ്യാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു,'' സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നേരത്തെ ഈ വിഷയത്തിൽ യുഎസും ജർമ്മനിയും പ്രതികരിച്ചിരുന്നു. ''ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് അടക്കം നിലവിലെ നടപടികൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പ്രചാരണത്തെ ബാധിക്കുന്ന തരത്തിൽ ആദായ നികുതി വകുപ്പ് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന കോൺഗ്രസ് പാർട്ടിയുടെ ആരോപണങ്ങളും ഞങ്ങൾക്കറിയാം. ഈ പ്രശ്‌ന പരിഹാരത്തിന് ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികൾ ഞങ്ങൾ പ്രോത്സാഹിപ്പിക്കും,'' യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും അടിസ്ഥാന ജനാധിപത്യ തത്വങ്ങളും ഈ കേസിൽ പ്രയോഗിക്കപ്പെടുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി ജർമ്മനിയുടെ വിദേശകാര്യ ഓഫീസിന്റെ വക്താവ് സെബാസ്റ്റ്യൻ ഫിഷർ വെള്ളിയാഴ്ച പറഞ്ഞു. അതേസമയം, ഇരുരാജ്യങ്ങളുടെയും അഭിപ്രായങ്ങളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി എതിർത്തു. ഇതൊരു ആഭ്യന്തര കാര്യമാണെന്ന് ആവർത്തിച്ചു

കേജ്‌രിവാളിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ജർമ്മൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമർശത്തിനെതിരെ പ്രതിഷേധം അറിയിക്കാൻ ജർമ്മൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജോർജ് എൻസ്‌വീലറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. ഇതിനുപിന്നാലെ യുഎസ് എംബസിയിലെ പൊതുകാര്യ വിഭാഗം മേധാവി ഗ്ലോറിയ ബെർബെനയെയും വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു.

അതിനിടെ, എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി ഏപ്രിൽ 1 വരെ നീട്ടി ഡൽഹി റോസ് അവന്യൂ കോടതി നീട്ടിയിരുന്നു. കേജ്‌രിവാളിന്റെ കസ്റ്റഡി ഏഴു ദിവസത്തേക്ക് നീട്ടണമെന്ന ഇ.ഡിയുടെ ഹർജി പരിഗണിച്ചായിരുന്നു കോടതി നടപടി. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അരവിന്ദ് കേജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ കേജ്‌രിവാളിനെ ഈ മാസം 28 വരെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

Post a Comment

Previous Post Next Post