എസ്ബിഐ നൽകിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

(www.kl14onlinenews.com)
(14-MAR-2024)

എസ്ബിഐ നൽകിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
സുപ്രീം കോടതി (Supreme Court) ഉത്തരവിന് അനുസൃതമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) (SBI) പങ്കിട്ട ഇലക്ടറൽ ബോണ്ട് (Electoral bond) ഡാറ്റ വ്യാഴാഴ്ച ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. സുപ്രീം കോടതിയുടെ സമയപരിധിക്ക് ഒരു ദിവസം മുമ്പാണ് ഡാറ്റ പ്രസിദ്ധീകരിച്ചത് എന്നത് ശ്രദ്ധേയമാണ്. മാർച്ച് 15 ന് വൈകുന്നേരം 5 മണിക്ക് മുൻപ് വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ പോൾ പാനലിനോട് ആവശ്യപ്പെട്ടിരുന്നു.

2019 ഏപ്രിൽ 12 മുതൽ 1,000 രൂപ മുതൽ ഒരു കോടി രൂപ വരെ മൂല്യമുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായി പോൾ പാനൽ പങ്കിട്ട ഡാറ്റ വെളിപ്പെടുത്തുന്നു . കമ്പനികളും വ്യക്തികളും നടത്തിയ വാങ്ങലുകളും ഈ വിവരങ്ങൾ കാണിക്കുന്നു. തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ഫണ്ട് സ്വീകരിച്ചവരിൽ ബിജെപി, കോൺഗ്രസ്, എഐഎഡിഎംകെ, ബിആർഎസ്, ശിവസേന, ടിഡിപി, വൈഎസ്ആർ കോൺഗ്രസ്, മറ്റ് രാഷ്ട്രീയ പാർട്ടികൾ എന്നിവ ഉൾപ്പെടുന്നുവെന്നും ഡാറ്റ വെളിപ്പെടുത്തുന്നു.

ഐടിസി എയർടെൽ, സൺഫാർമ, ഇൻഡിഗോ, എംആർഎഫ് , വേദാന്ത, മൂത്തൂറ്റ് ഫിനാൻസ്, DLF, അംബുജാ സിമന്റ്സ്, നവയുഗ തുടങ്ങിയ കമ്പനികളുടെ പേരുകൾ ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ച ലിസ്റ്റിലുണ്ട്. ഇലക്ട്രറല്‍ ബോണ്ടുകളിലൂടെ ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചിരിക്കുന്ന രാഷ്ട്രീയ പാർട്ടി ബിജെപിയാണ്.

തിരഞ്ഞെടുപ്പ് ബോണ്ടുകൾ വാങ്ങിയ സ്ഥാപനങ്ങളുടെയും അവ ലഭിച്ച രാഷ്ട്രീയ പാർട്ടികളുടെയും വിവരങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം എസ്ബിഐ തിരഞ്ഞെടുപ്പ് ബോഡിക്ക് സമർപ്പിച്ചിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു ഇത്. 2018ൽ പദ്ധതി ആരംഭിച്ചതു മുതൽ 30 ഘട്ടങ്ങളിലായി 16,518 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ എസ്ബിഐ ഇഷ്യൂ ചെയ്തിട്ടുണ്ട് .

ഫെബ്രുവരി 15-ന് ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയിരുന്നു. 2019 ഏപ്രിൽ 12 മുതലുള്ള എല്ലാ ഇലക്ടറൽ ബോണ്ട് പർച്ചേസുകളുടെയും വിശദാംശങ്ങൾ മാർച്ച് 6-നകം ഇസിക്ക് നൽകാൻ എസ്ബിഐയോട് നിർദ്ദേശിച്ചു. മാർച്ച് 13-നകം ഈ വിവരങ്ങൾ ഇസി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും നിർദ്ദേശിച്ചു.

2019 ഏപ്രിൽ 1 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള കാലയളവിൽ മൊത്തം 22,217 ബോണ്ടുകൾ വാങ്ങിയതായും അതിൽ 22,030 ഇലക്ടറൽ ബോണ്ടുകൾ വീണ്ടെടുത്തതായും എസ്ബിഐ കോടതിയെ അറിയിച്ചു. അതേസമയം വിശദാംശങ്ങൾ വെളിപ്പെടുത്താൻ ജൂൺ 30 വരെ സമയം വേണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടിരുന്നു . എന്നാൽ, ഹർജി തള്ളിയ സുപ്രീം കോടതി, മാർച്ച് 12 ന് പ്രവൃത്തി സമയം അവസാനിക്കുമ്പോൾ എല്ലാ വിശദാംശങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിക്കാൻ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനോട് ആവശ്യപ്പെടുകയായിരുന്നു

Post a Comment

Previous Post Next Post