റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതേവിട്ടതിന് എതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

(www.kl14onlinenews.com)
(31-MAR-2024)

റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതേവിട്ടതിന് എതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

കൊച്ചി: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട ശിക്ഷാവിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഉടന്‍ അപ്പീല്‍ നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ശിക്ഷാവിധിയില്‍ പിഴവുണ്ടായെന്ന് ഡിജിപി പറഞ്ഞു. തെളിവുകള്‍ പരിഗണിക്കുന്നതില്‍ കോടതിക്ക് പിഴവ് പറ്റി. എത്രയും വേഗം അപ്പീല്‍ നല്‍കുമെന്നും ഡിജിപി അറിയിച്ചു.

കാസര്‍കോട് എസ്പി, പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരുടെ കത്ത് ലഭിച്ചാലുടന്‍ തുടര്‍നടപടിക്കൊരുങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. കാസര്‍കോട് റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസ് അന്വേഷണ സംഘത്തിനും പ്രോസ്‌ക്യൂഷനും വീഴ്ച പറ്റിയതായി കണ്ടെത്തലുണ്ടായിരുന്നു. വാദങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും വിധി പകര്‍പ്പില്‍ പറഞ്ഞിരുന്നു.

2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് കാസര്‍കോട് പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പള്ളിയ്ക്ക് അകത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ വേളയില്‍ 97 സാക്ഷികളെ വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഡോ എ ശ്രീനിവാന്റെ നേതൃത്വത്തില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ പി കെ സുധാകരന്റെ മേല്‍നോട്ടത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. 2019 ല്‍ കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്.

അതിനിടെ വിചാരണക്കോടതിയുടെ ഉത്തരവ് അദ്ഭുതപ്പെടുത്തിയെന്ന് കേസിലെ സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു. കേസില്‍ ഒത്തുകളി നടന്നിട്ടില്ലെന്നും പ്രതിഭാഗം പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് കോടതി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സാക്ഷികള്‍ കൂറുമാറിയതു കൊണ്ട് പ്രതികളുടെ ആര്‍എസ്എസ് ബന്ധം സ്ഥാപിക്കാനായില്ല. ഡിഎന്‍എ എടുത്തില്ല എന്നു കോടതി പറഞ്ഞത് അദ്ഭുതപ്പെടുത്തിയെന്നും സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതേവിട്ടുകൊണ്ട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണനാണ് ശനിയാഴ്ച വിധി പ്രസ്താവിച്ചത്. ഏറെ വിവാദമുയര്‍ത്തിയ കേസില്‍ അന്വേഷണം നിലവാരമില്ലാത്തതും ഏകപക്ഷീയവുമാണെന്ന രൂക്ഷ വിമര്‍ശനവും കോടതി ഉയര്‍ത്തിയിരുന്നു. കൊലപാതകം സംബന്ധിച്ച് പ്രതികളുടെ പങ്ക് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നു കോടതി വിലയിരുത്തി. പ്രതികള്‍ക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണു കൊലപാതകത്തിനു പിന്നില്‍ എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. ഇത് തെളിയിക്കാനായില്ല.
ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന വാദവും തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി. കൊലപാതകം, മതത്തിന്റെ പേരില്‍ ശത്രുത വളര്‍ത്തല്‍, ആരാധനാലയം അശുദ്ധമാക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

സംഭവ സമയത്ത് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന എ.ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നു കോസ്റ്റല്‍ സിഐ ആയിരുന്ന പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് 3 ദിവസത്തിനകം പ്രതികളെ പിടികൂടിയത്. 90 ദിവസത്തിനകം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 2019ല്‍ വിചാരണ ആരംഭിച്ചു. 2022ല്‍ പൂര്‍ത്തിയായി. ഇതിനകം 8 ജഡ്ജിമാരുടെ മുന്‍പാകെ കേസ് പരിഗണനയ്ക്ക് എത്തി. വിചാരണയില്‍ 97 സാക്ഷികളെ വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടി മുതലുകളും കോടതി അടയാളപ്പെടുത്തി. അന്തിമവാദം പൂര്‍ത്തിയായ കേസില്‍ വിധി പറയുന്നത് പലതവണ മാറ്റിവച്ചിരുന്നു.

Post a Comment

Previous Post Next Post