(www.kl14onlinenews.com)
(22-MAR-2024)
തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി അഞ്ച് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. പത്തനംതിട്ട, ചെങ്ങറ ഹരിവിലാസത്തിൽ ഹരിദാസ് നീതു ദമ്പതികളുടെ മകൾ ഹൃദ്യ (5) ആണ് മരിച്ചത്. ഐരവൺ എം.കെ. ലത മെമ്മോറിയൽ പബ്ലിക് സ്കൂളിലെ യു.കെ.ജി. വിദ്യാർത്ഥിനിയാണ് ഹൃദ്യ.
അപകടസമയത്ത് കുട്ടിയുടെ മുത്തച്ഛൻ രാജൻ നായർ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. അനുജത്തിയെ കിടത്തുന്ന തൊട്ടിലിന് അരികിലായിരുന്നു ഹൃദ്യ. വീടിന് സമീപത്തെ പറമ്പിൽ പോയി തിരികെ വരുമ്പോൾ കഴുത്തിൽ തൊട്ടിലിന്റെ കയർ കുരുങ്ങി തറയിൽ കിടക്കുന്ന കുട്ടിയെയാണ് മുത്തച്ഛൻ കണ്ടത്.
കുട്ടിയെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Post a Comment