കർഷകർ ഇന്ന് വീണ്ടും ഡൽഹിയിലേക്ക്;അതിർത്തികളിൽ സുരക്ഷ വർദ്ധിപ്പിക്കും

(www.kl14onlinenews.com)
(06-MAR-2024)

കർഷകർ ഇന്ന് വീണ്ടും ഡൽഹിയിലേക്ക്;അതിർത്തികളിൽ സുരക്ഷ വർദ്ധിപ്പിക്കും
ഡൽഹി :
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ(Farmers' groups) ഇന്ന് ഡൽഹി ചലോ മാർച്ച്(Delhi Chalo March) പുനരാരംഭിക്കും. പ്രതിഷേധം കണക്കിലെടുത്ത്, തിക്രി, സിംഗു, ഗാസിപൂർ അതിർത്തികളിലും റെയിൽവേ, മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഡൽഹി പോലീസ്(delhi police) സുരക്ഷ വർദ്ധിപ്പിച്ചു. മാർച്ച് 6 ന് രാജ്യത്തുടനീളമുള്ള കർഷകർ ഡൽഹിയിൽ എത്തണമെന്ന് കിസാൻ മസ്ദൂർ മോർച്ചയും സംയുക്ത കിസാൻ മോർച്ചയും ആഹ്വാനം ചെയ്തിരുന്നു.

വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, കാർഷിക കടം എഴുതിത്തള്ളൽ തുടങ്ങി വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് കർഷകർ പ്രതിഷേധം സംഘടിപ്പിക്കുന്നത്. മാർച്ച് 10 ന് രാജ്യവ്യാപകമായി നാല് മണിക്കൂർ ട്രെയിൻ തടയൻ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 13 ന് കർഷകർ 'ഡൽഹി ചലോ' പ്രതിഷേധം ആരംഭിച്ചെങ്കിലും ഹരിയാനയുടെയും പഞ്ചാബിൻ്റെയും അതിർത്തിയിൽ സുരക്ഷാ സേന തടയുകയായിരുന്നു. ഇത് നിരവധി സംഘർഷങ്ങൾക്ക് കാരണമായി. ഇതിനിടെ ഒരു കർഷകൻ മരിക്കുകയും പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം പരിക്കേൽക്കുകയും ചെയ്തു. ഇതോടെ താൽക്കാലികമായി സമരം നിർത്തിവെക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചുനാളുകളായി പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തി പോയിൻ്റുകളിലാണ് കർഷകർ താമസിക്കുന്നത്. സമരക്കാരായ കർഷകരും കേന്ദ്രവും മുൻകാല ആവശ്യങ്ങൾ ഉന്നയിച്ച് ഇതുവരെ നാലു തവണയെങ്കിലും ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് കർഷക നേതാവ് സർവാൻ സിംഗ് പന്ദർ പറഞ്ഞിരുന്നു. കർഷകർക്ക് എന്ത് സംഭവിച്ചാലും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹി ചലോ മാർച്ചിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് കർഷകരാണ് പഞ്ചാബ്-ഹരിയാന അതിർത്തിയിൽ ക്യാമ്പ് ചെയ്യുന്നത്. ഡൽഹി ചലോ മാർച്ച് താൽകാലികമായി നിർത്തിവെച്ചതായി കർഷക പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ശംഭു, ഖനൗരി അതിർത്തികളിൽ പ്രതിഷേധം തുടരുന്നുണ്ട്.

ഏതാനും ദിവസങ്ങൾക്കുമുമ്പ് സമരത്തിനിടെ കൊല്ലപ്പെട്ട കർഷകൻ്റെ മരണത്തിൽ അനുശോചിച്ച് പ്രതിഷേധ സ്ഥലത്ത് കർഷകർ മെഴുകുതിരി മാർച്ചും സംഘടിപ്പിച്ചിരുന്നു. ഇതിനിടെ പൊതുമുതൽ നശിപ്പിച്ച കർഷകരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ഹരിയാന പോലീസ് തുടരുകയാണ്. കർഷകർ സമരം ആരംഭിക്കുന്നതിന് മുമ്പ്, സമരത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് വ്യക്തമാക്കി ഹരിയാന പോലീസ് യൂണിയനുകൾക്ക് നോട്ടീസ് അയച്ചിരുന്നു. പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചാൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും നഷ്ടം നികത്താൻ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും നോട്ടീസിൽ പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ തകർക്കാനും പോലീസിന് നേരെ കല്ലെറിഞ്ഞ് ക്രമസമാധാനം തകർക്കാനും കർഷകർ നിരന്തരമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തു.

നേരത്തെ കർഷകരുടെ പ്രതിഷേധത്തിനിടെ അംബാല ജില്ലയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ മരിക്കുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹരിയാന പോലീസ് പറഞ്ഞിരുന്നു. 1980ലെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരം പ്രതിഷേധിക്കുന്ന കർഷക നേതാക്കൾക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഉത്തരവ് പിൻവലിച്ചു.

Post a Comment

Previous Post Next Post