രാത്രി ഒരു മണിക്കൂർ വൈദ്യുതി ഉപയോ​ഗിക്കരുത്! ഭൗമ മണിക്കൂറിന് ആഹ്വാനം ചെയ്ത് മന്ത്രി

(www.kl14onlinenews.com)
(23-MAR-2024)

രാത്രി ഒരു മണിക്കൂർ വൈദ്യുതി ഉപയോ​ഗിക്കരുത്! ഭൗമ മണിക്കൂറിന് ആഹ്വാനം ചെയ്ത് മന്ത്രി
സംസ്ഥാനത്ത് ഇന്ന് ഒരു മണിക്കൂർ സമയം ഭൗമ മണിക്കൂർ(World Earth Hour) ആചരിക്കാൻ ആഹ്വാനം ചെയ്ത് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി(K Krishnankutty). ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും(lights) ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭൂമിയെ ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളികളാകാമെന്ന ഉദ്ദേശത്തോടെയാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ആ​ഗോളതാപനത്തിനെതിരെ എല്ലാ വർഷവും കേരളത്തിൽ ഭൗമ മണിക്കൂർ ആചരിക്കാറുണ്ട്. ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറാണ് ഈ സംരംഭം ആരംഭിച്ചത്. 190ൽപ്പരം ലോകരാഷ്ട്രങ്ങൾ എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പരിപാടിയിൽ പങ്കുചേരുന്നു. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തിൽ ഭൗമ മണിക്കൂർ ആചരണത്തിന് വലിയ പ്രസക്തിയുണ്ടെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

നിലവിൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പതിവിൽ കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്. എൽനിനോ പ്രതിഭാസം കാരണം ഈ വർഷം വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തവണ വേനലിലെ ചൂട് ഫെബ്രുവരിയിൽ തന്നെ തുടങ്ങി. മിക്ക ജില്ലകളിലും ശരാശരി 30 ഡി​ഗ്രിക്ക് മുകളിലാണ് പകൽ സമയത്തെ ശരാശരി താപനില. ഉയർന്ന താപനിലയിൽ വർധവനാണ് പലയിടത്തും രേഖപ്പെടുത്തുന്നത്.

ഇത്തവണ എൽ നിനോ പ്രതിഭാസമാണ് ഇത്തവണത്തെ ചൂട് വർധിക്കലിന് കാരണമെന്നാണ് നി​ഗമനം. പസഫിക് സമുദ്രോപരിതലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. അപ്രവചനീയമായ കാലാവസ്ഥാ വ്യതിയാനമാണ് എൽനിനോ കാരണം ഭൂമിയിലുണ്ടാക്കുക. അതേസമയം സംസ്ഥാനത്ത് ഇതുവരെ 1.4 മില്ലിമീറ്റർ മഴ മാത്രമേ പെയ്തിട്ടുള്ളൂ, ഇത് സാധാരണ 18.8 മില്ലിമീറ്ററിൽ താഴെയാണ്. അഞ്ച് വർഷം മുമ്പ്, ശരാശരി 20 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയെ ചൂടാക്കുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോയുടെ ആഘാതമാണ് ഈ ചെറിയ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു

Post a Comment

Previous Post Next Post