തോൽവിയുടെ സൂചന: അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതിനെ പരിഹസിച്ച് സ്മൃതി ഇറാനി

(www.kl14onlinenews.com)
(07-MAR-2024)

തോൽവിയുടെ സൂചന: അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ വൈകുന്നതിനെ പരിഹസിച്ച് സ്മൃതി ഇറാനി
ലോക്സഭാ തിരഞ്ഞെടുപ്പ് (Loksabha Election 2024) നടക്കാനിരിക്കെ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി (Smriti Irani). തിരഞ്ഞെടുപ്പിൽ യുപിയിലെ അമേഠി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിൽ കാലതാമസം വരുത്തിയതിനെ കുറിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. അമേഠിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പാർട്ടി ഇത്രയും സമയമെടുക്കുന്നു എന്നത് കോൺഗ്രസിൻ്റെ രാഷ്ട്രീയത്തിന് വിചിത്രമായ കാഴ്ചയാണെന്ന് സമൃതി ഇറാനി പറഞ്ഞു.

ഇത് കോൺഗ്രസിൻ്റെ പരാജയത്തിൻ്റെ സൂചനയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അമേഠിയിൽ 206 കോടി രൂപയുടെ 281 പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

2019 ലെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി അമേഠിയിൽ പരാജയപ്പെടുത്തിയിരുന്നു. ഈ വർഷവും സ്മൃതി ഇറാനി അമേഠിയിൽ നിന്ന് വീണ്ടും മത്സരിക്കുന്നുണ്ട്. 1967 മുതൽ അമേഠി കോൺഗ്രസിന്റെ കോട്ടയായിരുന്നു. എന്നാൽ 2019ലെ തിരഞ്ഞെടുപ്പിൽ ആ കോട്ട ബിജെപി പിടിച്ചെടുത്തത് കോൺഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു. ഇറാനിയോട് പരാജയപ്പെടുന്നതിന് മുമ്പ് രാഹുൽ ഗാന്ധി തുടർച്ചയായി മൂന്ന് തവണ സീറ്റ് നേടിയിരുന്നു.

അമേഠിയിലെ ജനങ്ങൾ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് പറഞ്ഞതിന് പിന്നാലെയാണ് പാർലമെൻ്റ് സീറ്റിനെക്കുറിച്ചുള്ള കേന്ദ്രമന്ത്രിയുടെ പരാമർശം. പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ മത്സരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്നും അതിനുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പ്രദീപ് സിംഗാളും ബുധനാഴ്ച അവകാശപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.

Post a Comment

Previous Post Next Post