(www.kl14onlinenews.com)
(07-MAR-2024)
കേരളത്തിന്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോമായ സി- സ്പേസിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ വച്ചാണ് മുഖ്യമന്ത്രി ഒടിടി പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കലയുടെയും കലാകാരന്മാരുടെയും മൂല്യങ്ങൾക്ക് അംഗീകാരം നൽകുന്ന പ്ലാറ്റ്ഫോമാകും സി-സ്പേസ് എന്ന് മുഖ്യമന്ത്രി ഉദ്ഘാടന വേളയിൽ പറഞ്ഞു. ഹ്രസ്വചിത്രത്തിൽ തുടങ്ങി ഫീച്ചർ ഫിലിമുകൾ ഉൾപ്പെടെയുള്ളവ ഈ ഒടിടി പ്ലാറ്റ്ഫോമിന് കീഴിൽ ലഭിക്കുന്നതാണ്. മാറുന്ന ആസ്വാദനത്തിനനുസരിച്ചുള്ള പുത്തൻ സങ്കേതങ്ങൾ ലഭ്യമാക്കണമെന്നതാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സിനിമ നിർമ്മാണം, ആസ്വാദനം തുടങ്ങി സമസ്ത മേഖലകളിൽ എല്ലാം അതിവേഗത്തിലുള്ള മാറ്റമാണ് സംഭവിക്കുന്നത്.
ആദ്യ ഘട്ടത്തിൽ 42 സിനിമകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 35 ഫീച്ചർ ഫിലിമുകളും 6 ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകുന്ന രീതിയാണിത്. പ്ലാറ്റ്ഫോമിലേക്കുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനായി 60 അംഗക്യുറേറ്റർ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ സി-സ്പേസിൽ പ്രദർശിപ്പിക്കുകയുള്ളൂ. ഈടാക്കുന്ന തുകയുടെ പകുതി തുക ലാഭവിഹിതമായി പ്രൊഡ്യൂസർക്ക് നൽകുന്നതാണ്. ആപ്പ് സ്റ്റോർ, പ്ലേസ്റ്റോർ എന്നിവ മുഖാന്തരം സി-സ്പേസ് ഡൗൺലോഡ് ചെയ്യാനാകും.
Post a Comment