(www.kl14onlinenews.com)
(29-MAR-2024)
ഇന്ത്യ മുഴുവൻ ഒറ്റയ്ക്ക് ബൈക്കിൽ സഞ്ചരിച്ച ശ്രദ്ധേയ: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ നിധി സോഷ്യൽമീഡിയ ഇൻഫ്ലുവന്സർ
എറണാകുളം : സാമ്പത്തിക തട്ടിപ്പ് കേസിൽ മോൺസൺ മാവുങ്കലിന്റെ മുൻ മാനേജർ ആയ നിധി കുര്യൻ അറസ്റ്റിൽ. സമൂഹമാദ്ധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവൻസർ കൂടിയാണ് നിധി കുര്യൻ. വാകത്താനം നാലുന്നക്കൽ സ്വദേശികളായ ദമ്പതിമാരിൽ നിന്നും 85 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
എറണാകുളം തൃക്കാക്കര ചേലൂർ സ്വദേശിനിയായ നിധി പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാം എന്ന് പറഞ്ഞാണ് വാകത്താനം സ്വദേശികളായ ദമ്പതിമാരിൽ നിന്നും 85 ലക്ഷം രൂപ തട്ടിയെടുത്തത്. ഈ തുകയിൽ 22 ലക്ഷം രൂപ നിധി കുര്യന്റെ അക്കൗണ്ടിലേക്ക് എത്തിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് തിരുവനന്തപുരം കരമനയിൽ താമസിക്കുന്ന നിധിയെ എറണാകുളത്തുനിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.2019 ലാണ് കേസിനാസ്പദമായ പണമിടപാട് നടന്നിട്ടുള്ളത്. മോൺസൺ മാവുങ്കലിന്റെ നിർദ്ദേശപ്രകാരം നിധിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു എന്നാണ് പരാതിക്കാർ പറയുന്നത്.
നേരത്തെ മോൺസൺ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലും പോലീസ് നിധിയെ ചോദ്യം ചെയ്തിരുന്നു.നിലവിൽ വഞ്ചനാകുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നിധി കുര്യനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്ത്യ മുഴുവൻ ഒറ്റയ്ക്ക് ബൈക്കിൽ സഞ്ചരിച്ച് ശ്രദ്ധേയയായ വനിതാ യാത്രികയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ആണ് നിധി കുര്യൻ. സമൂഹമാദ്ധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ആണ് ഇവർക്കുള്ളത്
Post a Comment