ഐപിഎല്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഇന്ന് നേരിടും

(www.kl14onlinenews.com)
(23-MAR-2024)

ഐപിഎല്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഇന്ന് നേരിടും

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രാത്രി 7.30ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം.പരിചയസമ്പന്നരായ ഇന്ത്യന്‍ പേസ് ബൗളര്‍മാരുടെ അഭാവം ടീമിന് തിരിച്ചടിയാണ്. ക്യാപ്റ്റനായി മടങ്ങിയെത്തിയ ശ്രേയസിന്റെ പരിക്കും ക്യാംപിനെ അലട്ടുന്നു.അതേസമയം അവസാന രണ്ട് സീസണുകളിലും പോയിന്റ് ടേബിളില്‍ പിന്നിലായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത്. ഏകദിന ലോകകപ്പ് നേടിയ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെയും ഫൈനലിലെ താരം ട്രാവിസ് ഹെഡിനെയും ടീമില്‍ ചേര്‍ത്ത് തലയും വാലും മുറുക്കിയാണ് സണ്‍റൈസേഴ്‌സ് ഇത്തവണയെത്തുന്നത്. എയ്ഡന്‍ മാര്‍ക്രം, ഹെന്റിച് ക്ലാസന്‍, മാര്‍ക്കോ യാന്‍സന്‍, ഗ്ലെന്‍ ഫിലിപ്‌സ് തുടങ്ങിയ വമ്പന്‍ താരനിരയും ടീമിലുണ്ട്. ട്വന്റി 20യില്‍ നിലവിലെ ഏറ്റവും മികച്ച സ്പിന്‍ ഹിറ്ററായ ക്ലാസന്റെ ഫോം നിര്‍ണായകമാകും. മികച്ച ഇന്ത്യന്‍ താരങ്ങളുടെ അഭാവമാണ് ഇത്തവണയും ടീമിന്റെ പോരായ്മ. ടീം അവസരം നല്‍കുന്ന യുവതാരങ്ങളൊന്നും സ്ഥിരത കാണിച്ച ചരിത്രമില്ല.

മുഖം മിനുക്കിയാണ് ഇക്കുറി ശ്രേയസ് അയ്യര്‍ നായകനാകുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വരവ്. രണ്ട് തവണ കിരീടം നേടിയെങ്കിലും അവസാന സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിനായിരുന്നില്ല. ഗ്രൗണ്ടിന് പുറത്ത് പിന്തുണയുമായി മെന്റര്‍ ഗൗതം ഗംഭീര്‍ തിരിച്ചെത്തിയത് ടീമിന് നല്‍കുന്ന ഊര്‍ജം ചെറുതല്ല. ബാറ്റിംഗ് വെടിക്കെട്ട് തീര്‍ക്കാന്‍ ശ്രേയസ് അയ്യര്‍, റിങ്കു സിംഗ്, ആന്ദ്രേ റസല്‍ ത്രിമൂര്‍ത്തികളുള്ളത് ടീമിന് കരുത്താകും. ഐപിഎലിലെ എക്കാലത്തെയും ഉയര്‍ന്ന തുക മുടക്കി ടീമിലെത്തിച്ച ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് കൊല്‍ക്കത്തയുടെ തുറുപ്പുചീട്ട്. സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിക്കും ഒപ്പം അഫ്ഗാന്‍ താരം മുജീബുര്‍ റഹ്‌മാന്‍ കൂടി എത്തുന്നതോടെ കരുത്തുറ്റ സ്പിന്‍ നിരയുമുണ്ട്. സ്പിന്നര്‍മാരെ സഹായിക്കുന്ന ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ചില്‍ ഇത് എതിരാളികള്‍ക്ക് വെല്ലുവിളിയാകുമെന്ന് ഉറപ്പ്.

Post a Comment

Previous Post Next Post