അധികാരത്തിലിരിക്കുമ്പോള്‍ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി; ജയിലിൽനിന്ന് ഭരിക്കുമെന്ന് എഎപി

(www.kl14onlinenews.com)
(21-MAR-2024)

അധികാരത്തിലിരിക്കുമ്പോള്‍ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി; ജയിലിൽനിന്ന് ഭരിക്കുമെന്ന് എഎപി
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഇന്ന് കസ്റ്റഡിയിലെടുത്തതോടെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാള്‍. ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്ന് അറസ്റ്റിലാകുന്ന മൂന്നാമത്തെ മുതിർന്ന നേതാവാണ് ആം ആദ്മി പാർട്ടി തലവൻ. മദ്യനയ കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് മണിക്കൂറുകൾക്കകമാണ് കേജ്‌രിവാളിനെ കസ്റ്റഡിയിലെടുത്തത്. ഇഡി പുറപ്പെടുവിച്ച ഒമ്പത് സമൻസുകൾ അദ്ദേഹം ഒഴിവാക്കിയിരുന്നു

അറസ്റ്റിനെ തുടർന്ന് കേജ്‍രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അരവിന്ദ് കേജ്‌രിവാള്‍ ജയിലിലിരുന്ന് ഭരിക്കുമെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തില്‍ കേജ്‌രിവാള്‍ തുടരും.

ഡല്‍ഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു. വിവാദമായതോടെ കഴിഞ്ഞ വർഷം ജൂലൈ 31ന് ഈ മദ്യനയം പിൻവലിച്ചു. ടെൻഡർ നടപടികൾക്കു ശേഷം ലൈസൻസ് സ്വന്തമാക്കിയവർക്കു സാമ്പത്തിക ഇളവുകൾ അനുവദിച്ചുവെന്നതാണ് പ്രധാന ആരോപണം. സാമ്പത്തിക ഇടപാടുകളുടെ പേരിൽ ഇ.ഡിയും കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 6 വരെ നീട്ടി. ഫെബ്രുവരി 26നാണു സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. മാർച്ച് 9നു ഇഡിയും അറസ്റ്റ് രേഖപ്പെടുത്തി.

Post a Comment

Previous Post Next Post