(www.kl14onlinenews.com)
(03-JAN-2024)
അബൂദബി: അൽ വത്ബയിൽ ശൈഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പുതുവർഷ രാവിൽ പത്തുലക്ഷത്തിലേറെ പേരെ സാക്ഷിയാക്കി നടത്തിയ കരിമരുന്ന് പ്രകടനവും ഡ്രോൺ ഷോയും തകർത്തത് നാലു ലോക റെക്കോഡുകൾ. ഒരുമണിക്കൂറോളം നീണ്ടു നിന്ന ലോക റെക്കോഡ് ശ്രമത്തിന് സാക്ഷിയാവാനും വിലയിരുത്താനും ഗിന്നസ് ലോക റെക്കോഡ് അധികൃതരും അബൂദബിയിലെത്തിയിരുന്നു.
മുക്കാൽ മണിക്കൂറിൽ അധികം സമയത്തേക്ക് ഇടതടവില്ലാതെ ആകാശ വിസ്മയം തീർക്കാൻ ഉപയോഗിച്ച കരിമരുന്നിന്റെ അളവ്, ആകാശത്ത് വ്യത്യസ്തവും വേറിട്ടതുമായ ദൃശ്യങ്ങളുടെ വിന്യാസം, സമയ ദൈർഘ്യം എന്നിങ്ങനെ മൂന്ന് ലോക റെക്കോർഡുകൾക്ക് നഗരി സാക്ഷിയായി. ഡ്രോൺ ഉപയോഗിച്ച് ആകാശത്ത് ലോകത്തെ ഏറ്റവും വലിയ ക്യുആർ കോഡ് സൃഷ്ട്ടിച്ചു എന്നതിനാണ് നാലാമത്തെ ലോക റെക്കോർഡ്. 30 സെക്കന്റിനുള്ളിലെ വിവിധ വിസ്മയ നേട്ടങ്ങളും റെക്കോഡ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വിവിധ നിറത്തിൽ നിരവധി രൂപങ്ങൾ ആകാശത്ത് തീർത്താണ് 3000ത്തിലേറെ ഡ്രോണുകൾ കാണികളെ അമ്പരിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തത്. കരിമരുന്ന് പ്രകടനം മൂന്ന് റെക്കോഡുകളും ഡ്രോൺ ഷോ ഒരു റെക്കോഡുമാണ് തിരുത്തിയതതെന്ന് ഗിന്നസ് ലോക റെക്കോഡ് വിധികർത്താവായ അൽ വലീദ് ഉസ്മാൻ പറഞ്ഞു.
പുതുവർഷാഘോഷത്തിന് സാക്ഷിയാവാൻ ശൈഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ എത്തിയതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും ലോക റെക്കോഡ് കരസ്ഥമാക്കിയതിന് ഫെസ്റ്റിവൽ സംഘാടകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. എമിറേറ്റ്സ് ഫൗണ്ടെയ്ൻ, ലേസർ ഷോ എന്നിവയും പുതുവർഷ ആഘോഷത്തിന് നിറംകൂട്ടി. സംഗീതപരിപാടികളും സാംസ്കാരിക തനിമയാർന്ന നൃത്തങ്ങളുമൊക്കെ എമിറേറ്റിലെ വിവിധ ഇടങ്ങളിൽ അരങ്ങേറി.
إرسال تعليق