രാഹുൽ ജയിലിൽ; കത്തിപ്പടർന്ന് പ്രതിഷേധം: സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്

(www.kl14onlinenews.com)
(10-JAN-2024)

രാഹുൽ ജയിലിൽ; കത്തിപ്പടർന്ന് പ്രതിഷേധം: സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ‘സമരജ്വാല’ സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്. രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും വൈകിട്ട് 6 മണിക്ക് സംസ്ഥാനത്തുടനീളമുള്ള പൊലീസ് സ്റ്റേഷനിലേക്കും മണ്ഡലം ആസ്ഥാനങ്ങളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായ ശക്തമായ സമരത്തിനും പദ്ധതിയിട്ടതായി വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി അറിയിച്ചു.

കാസര്‍കോട് ദേശീയപാത ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. 14 ദിവസത്തേക്ക് റിമാന്റ് ചെയ്യപ്പെട്ട രാഹുല്‍ ഇപ്പോള്‍ പൂജപ്പുര ജയിലിലാണ്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പൊലിസിന്റെ അസാധാരാണ നടപടിക്കെതിരെ വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും അബിന്‍ വര്‍ക്കി വ്യക്തമാക്കി.അറസ്റ്റില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസവും സംസ്ഥാനവ്യാപകമായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍

അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിൽ(Rahul Mamkootathil) റിമാന്‍ഡില്‍. തിരുവനന്തപുരത്തെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ 22 വരെ ജയിലില്‍ കഴിയണം. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരവുമായി(secretariat protest) ബന്ധപ്പെട്ട കേസില്‍ നാലാം പ്രതിയായ രാഹുലിനെ പൂജപ്പുര ജയിലിലേക്കാണ് മാറ്റുന്നത്. രണ്ടാം തവണ വൈദ്യ പരിശോധന(medical examination) നടത്തിയ ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്ലിനിക്കലി ഫിറ്റാണെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുമായിരുന്നു രണ്ടാമതും ലഭിച്ച റിപ്പോര്‍ട്ട്. നേരത്തെ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചികിത്സയിലാണെന്നും രാഹുല്‍ വാദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാമത് ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചത്. കിംസ് ആശുപത്രിയില്‍ നിന്ന് 6/1/24 ന് ഡിസ്ചാര്‍ജ് ആയതും, മരുന്നുകള്‍ കഴിക്കുന്നതും ഉള്‍പ്പെടുത്തിയായിരുന്നു രണ്ടാമത്തെ റിപ്പോര്‍ട്ട്.

അതേസമയം,
രാഹുലിനെതിരെ ഗുരുതരമായ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നു. കലാപാഹ്വാനം നടത്തി. പൂജപ്പുര എസ്എച്ച്ഒയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നിരവധി പൊലീസുകാര്‍ക്ക് അടക്കം പരിക്കേറ്റ ആക്രമണങ്ങള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ നേതൃത്വം നല്‍കി. ആക്രമണത്തിന് നേതൃത്വം നല്‍കിയ പ്രതികളെ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ബലമായി മോചിപ്പിച്ച് രക്ഷപെടുത്തി. സര്‍ക്കാര്‍ ഖജനാവിന് 50,000 രൂപയുടെ നഷ്ടമുണ്ടാക്കി തുടങ്ങി ഗുരുതര കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം റിമാന്‍ഡിലായതിന് പിന്നാലെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. വിജയന്‍ കാണാന്‍ പോകുന്നതേയുള്ളൂവെന്നാണ് രാഹുൽ ചാനലുകാരോട് പറഞ്ഞത്. രാഹുലിനെ കോടതിയില്‍ നിന്ന് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പൂജപ്പുര ജയിലിലേക്കാണ് രാഹുലിനെ കൊണ്ടുപോയത്. 22 വരെയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

അറസ്റ്റ് ചെയ്തയുടന്‍ കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. എന്നാൽ ദേശീയ പാത ഉപരോധിക്കാനുള്ള പ്രവര്‍ത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. നേതാക്കളുള്‍പ്പെടെ പത്തോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ സംസാരിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ തുടരും. രാഹുലിനെ അറസ്റ്റ് ചെയ്‌തെങ്കിലും സര്‍ക്കാരിന് മുന്നില്‍ അടിയറവ് പറയില്ല. സമാധാനപരമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.

Post a Comment

Previous Post Next Post