കുസാറ്റ് ദുരന്തം; പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതി ചേർത്ത് പോലീസ്

(www.kl14onlinenews.com)
(07-JAN-2024)

കുസാറ്റ് ദുരന്തം; പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതി ചേർത്ത് പോലീസ്
കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ (Cusat campus) ഓഡിറ്റോറിയത്തിൽ സംഗീതപരിപാടിക്ക് തൊട്ടുമുമ്പായുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതി ചേർത്ത് പൊലീസ്. ഡോ. ദീപക് കുമാർ സാഹു, ടെക് ഫെസ്റ്റ് കൺവീനർമാരായ അധ്യാപകരായ ഡോ. ഗിരീഷ് കുമാർ തമ്പി, ഡോ. എൻ ബിജു എന്നിവർക്കെതിരെയാണ് കേസ്. കുറ്റകരം അല്ലാത്ത നരഹത്യ വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പരിപാടിയ്ക്ക് പൊലീസ് സുരക്ഷ തേടിയുള്ള കത്ത് കൈമാറാതിരുന്ന രജിസ്ട്രാർക്കെതിരായ നടപടി ഉൾപ്പെടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു.

2023 നവംബർ 25നാണ് കുസാറ്റിൽ അപകടമുണ്ടായത്. ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാർത്ഥികൾ അടക്കം നാലുപേരാണ് മരിച്ചത്. സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തലുകൾ ക്രോഡീകരിച്ചാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹുവാണ് കേസിൽ ഒന്നാം പ്രതി. ക്യാമ്പസിനുള്ളിൽ പരിപാടി സംഘടിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗരേഖ ലംഘിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കുസാറ്റ് ടെക്‌ഫെസ്റ്റ് അപകടത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. ഫോർട്ട് കൊച്ചി സബ്കലക്ടർ പി വിഷ്ണുരാജിനാണ് അന്വേഷണ ചുമതല. കേരളത്തിലെ ഒരു സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ടു ഉണ്ടാകുന്ന ആദ്യ ദുരന്തമാണ് കുസാറ്റിൽ സംഭവിച്ചത്.

Post a Comment

Previous Post Next Post