മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ്ഗോപിക്ക് മുന്‍കൂര്‍ ജാമ്യം

(www.kl14onlinenews.com)
(08-JAN-2024)

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ്ഗോപിക്ക് മുന്‍കൂര്‍ ജാമ്യം
മാധ്യമപ്രവർത്തകയെ (Journalist) അപമാനിച്ചെന്ന കേസിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് (Suresh Gopi) മുൻകൂർ ജാമ്യം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജാമ്യത്തിൽ വിട്ടയക്കാനും പൊലീസിന് ഹൈക്കോടതി (Highcourt) നിർദ്ദേശം നൽകി. നിലവിൽ അറസ്റ്റിനുള്ള സാഹചര്യമില്ലെന്ന് സർക്കാർ കോടതി അറിയിച്ചു. സർക്കാർ നിലപാട് കൂടി കണക്കിലെടുത്താണ് തീരുമാനം. കേസിൽ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകൾ കൂടി ചുമത്തിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. കരുവന്നൂർ വിഷയത്തിൽ സർക്കാരിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹർജിയിൽ പറഞ്ഞു. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

കുറ്റപത്രത്തിൽ ഐപിസി 354ാം വകുപ്പ് കൂടി ഉൾപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി കോടതിയെ സമീപിച്ചത്. തന്നെ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഈ വകുപ്പ് ഉൾപ്പെടുത്തിയിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു. സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാപ്പ് പറഞ്ഞിരുന്നു. എന്നാൽ മാപ്പ് തള്ളിയ പരാതിക്കാരി കേസുമായി മുന്നോട്ട് പോവുകയായിരുന്നു.

നടക്കാവ് പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തത്. താമരശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് പരാതിക്കാരി രഹസ്യമൊഴി നൽകിയിരുന്നു. വാത്സല്യത്തോടെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു എന്നുമായിരുന്നു സംഭവത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം.

കഴിഞ്ഞ വർഷം ഒക്ടോബർ 27ന് കോഴിക്കോട് മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നടക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ 180 ഓളം പേജുള്ള കുറ്റപത്രമാണുളളത്. കേസിൽ ആദ്യം 354 എയും 1,4 എന്നീ ഉപവകുപ്പുകളുമാണ് ചേർത്തിരുന്നത്. ലൈംഗിക ദുസ്സൂചനയോടെ സ്പർശം എന്ന കുറ്റം ഉൾപ്പെടുന്നതാണിത്. തുടരന്വേഷണത്തിൽ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പർശിച്ച കുറ്റത്തിനുള്ള 354ാം വകുപ്പുകൂടി പിന്നീട് പൊലീസ് ചേർത്തു. ഇതെല്ലാം ഉൾപ്പെടുത്തിയാണ് കുറ്റപത്രം

Post a Comment

Previous Post Next Post